thandika
തുപ്പുത്തരി- മുക്കുടി നിവേദ്യങ്ങൾക്കായി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് പോട്ടയിൽ നിന്നും തണ്ടിക പുറപ്പെടുന്നു

ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന തൃപ്പുത്തരി - മുക്കുടി നിവേദ്യങ്ങൾക്കുള്ള വിഭവങ്ങളുമായി പോട്ടയിൽ നിന്നും തണ്ടിക പുറപ്പെട്ടു. പോട്ടയിലെ ദേവസ്വം പ്രവൃത്തി കച്ചേരിയിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയുമായി കാൽനടയായാണ് തണ്ടിക സംഘം പുറപ്പെട്ടത്. തൃപ്പുത്തരി നിവേദ്യത്തിനുള്ള നേന്ത്രപ്പഴക്കുലകൾ തണ്ടുകളിലേറ്റിയുള്ള യാത്രയാണ് തണ്ടികപ്പുറപ്പാട്.

എട്ടര തണ്ട് നേന്ത്രപ്പഴക്കുലകളും രണ്ടു തണ്ട് കദളിപ്പഴക്കുലയുമാണ് തൃപ്പുത്തരി നിവേദ്യത്തിന് പോട്ട ഗ്രാമവാസികൾ ശേഖരിച്ചത്. തൊട്ടടുത്ത ദിവസം നടക്കുന്ന മുക്കുടി നിവേദ്യത്തിനുള്ള സാമഗ്രികളും തണ്ടിക സംഘം കൊണ്ടുപോയി. ഇതിനായി പച്ചക്കുരുമുളക്, ഇഞ്ചി, പച്ചമാങ്ങ, പച്ചച്ചക്ക, ഇടിയൻ ചക്ക, അരി എന്നിവ രണ്ടു വട്ടികളിലാക്കി സംഘം തലയിലേറ്റിയിരുന്നു.

മൂന്നുവട്ടം പൂജകൾക്ക് ശേഷം മേത്താൾ പൈങ്കൽ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ തണ്ടിക പുറപ്പട്ടു. ആർപ്പുവിളികളുമായി സംഘത്തെ ഭക്തർ യാത്രയാക്കി. ആചാര പ്രകാരം വാളും ചരിചയുമേന്തി ഭടന്മാർ മുൻനിരയിൽ അണിനിരന്നു. സംഗമേശ സന്നിദ്ധിയിലേക്കുള്ള സംഘത്തിന്റെ നാൽനടയാത്രയെ ശംഖ് നാദം മുഴക്കി വിളംബരം ചെയ്തു. താളമേളങ്ങളോടെ നീങ്ങിയ ഇവരെ ആശീർവദിക്കാനും ഭഗവാന്റെ അനുഗ്രഹം വാങ്ങാനും വഴിയോരത്ത് നാട്ടുകാരും അണിനിരന്നു.

ദേവസ്വം അഡ്മിനിസ്‌ട്രേർ എ.എം. സുമ, ചെയർമാൻ പ്രദീപ് യു.മേനോൻ എന്നിവർ സന്നിഹിതരായി. ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ വൈസ് ചെയമർാൻ വിത്സൻ പാണാട്ടുപറമ്പിൽ, വി.ഒ. പൈലപ്പൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പാമ്പാമ്പോട്ട് ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി. സുന്ദരൻ, എൻ. കുമാരൻ, സി.എൻ. വത്സൻ തുടങ്ങിയവർ നേതൃത്വം നൽകി.