തൃശൂർ: പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന ഡയപറുകളും പ്ളാസ്റ്റിക്കുകളും രണ്ട് രീതിയിൽ സംസ്കരിച്ച് അവയെ കൃഷിയിടത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് കാസർകോട്ടെയും ഇടുക്കിയിലെയും കുട്ടിശാസ്ത്രജ്ഞർ. ഡയപറുകൾ സംസ്കരിക്കാൻ നാല് ടാങ്കുകളാണ് വേണ്ടത്. ആദ്യടാങ്കിൽ ഉപയോഗശൂന്യമായ ഡയപറിലെ ഹൈഡ്രോജെൽ അഥവാ സോഡിയം പോളി അക്രിലേറ്റ് നിക്ഷേപിക്കുന്നു. കറിയുപ്പ് നിക്ഷേപിച്ച രണ്ടാമത്തെ ടാങ്കിലെത്തുന്ന ഹൈഡ്രൊജെൽ ജലമായി മാറുന്നു. രണ്ടാം ടാങ്കിലെ ശുദ്ധജലം മൂന്നാം ടാങ്കിൽ ശേഖരിക്കുന്നു. ഫിൽട്രേഷൻ, ക്‌ളോറിനേഷൻ വഴി വെള്ളം നാലാം ടാങ്കിൽ ശേഖരിക്കുന്നു. ഇത് കൃഷിയിടത്തിൽ ജലസേചനത്തിന് ഉപയോഗിക്കാമെന്നാണ് കാസർകോട് ഉദുമ ജി.എച്ച്.എസ്.എസിലെ മുഹമ്മദ് ഹാഷിമും സൗരവ് രാജും പറയുന്നത്.

ഹൈഡ്രൊജെൽ അതിന്റെ ഘടനയിലുളള പ്രത്യേകതയാൽ ധാരാളം ജലം ആഗിരണം ചെയ്യുന്നുണ്ട്. ഖരാവസ്ഥയിലുളള ഇത് ജലം ആഗിരണം ചെയ്ത് ദീർഘരൂപത്തിലാകുന്നു. പോളിമർ ശൃംഖലയിലെ ഓരോ യൂണിറ്റിലും നെഗറ്റീവ് ചാർജുള്ള പ്രദേശം ഉണ്ടാവുകയും അവ പരസ്പരം വികർഷിക്കുകയും ചെയ്യും. ഇതാണ് രണ്ട് തൻമാത്രക്കിടയിൽ ജലം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നത്. ഇത് ഓരോ പാളിയായി സാൻഡ് വിച്ച് മാതൃകയിൽ രൂപം കൊള്ളും. ഉപ്പ് ചേർക്കുമ്പോൾ ഹൈഡ്രജൻ ജലവുമായി ചേർന്ന് രണ്ട് സംയുക്തങ്ങൾ ഉണ്ടാകുകയും അത് നിർവീര്യ ലായനിയായും പോളിമർ ശൃംഖല അതേപടി നിലനിൽക്കുകയും ചെയ്യും.

എന്താണ് ഹൈഡ്രോജെൽ?

ജലം ആഗിരണം ചെയ്യുന്ന മനുഷ്യനിർമ്മിത പദാർത്ഥമാണ് ഹൈഡ്രോജെൽ. സങ്കീർണ്ണ ഘടനയുള്ള രാസപദാർത്ഥമായ പോളിമറാണിത്. അതിന്റെ ഭാരത്തേക്കാൾ അഞ്ഞൂറ് മടങ്ങിലേറെ വെള്ളം ആഗിരണം ചെയ്യാനാകും. ഇന്ത്യൻ അഗ്രി. ഇൻസ്റ്റിറ്റ്യൂട്ടാണ് ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്തത്. ജലം സംഭരിച്ചു വയ്ക്കാനുളള ഹൈഡ്രോജലിന്റെ കഴിവ് ഉത്തരേന്ത്യയിലും മറ്റും കാർഷികരംഗത്ത് വിളവ് കൂട്ടാൻ സഹായിക്കുന്നുണ്ട്.

മാലിന്യം കോഴിത്തീറ്റ

ഗ്യാസ് ഉപയോഗിച്ച് ഇൻസിനറേറ്ററിൽ പ്ളാസ്റ്റിക് നിക്ഷേപിച്ച് ലഭിക്കുന്ന വിഷവാതകം ചാർക്കോൾ ഉപയോഗിച്ച് വിഷവിമുക്തമാക്കി ജലത്തിലൂടെ കടത്തിവിട്ട് പായലുകളും അസോളയുമെല്ലാം വളർത്തി അത് കോഴിത്തീറ്റയാക്കാം. ഇടുക്കി മൂലമറ്റം പൂച്ചപ്ര ജി.എച്ച്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥികളായ അനുഗ്രഹ അനീഷും ജിസ്ന ജോജോയുമാണ് ഇതിൻ്റെ മോഡലുമായെത്തിയത്. മാലിന്യം ഉരുകുമ്പോൾ അത് കൗതുകവസ്തുക്കൾ ഉണ്ടാക്കാൻ സഹായകമാകുമെന്നും ഇവർ പറയുന്നു. ഇത്തരം പായലുകൾ കന്നുകാലികൾക്ക് തീറ്റയാക്കാൻ കഴിയുമെന്നും അനുഗ്രഹയും ജിസ്നയും പറഞ്ഞു.