ഫലപ്രഖ്യാപനം തടഞ്ഞതിൽ നിരാശ

തൃശൂർ: ദേശീയപാതയിൽ വാഹനങ്ങൾ ചീറിപ്പായുമ്പോഴുണ്ടാകുന്ന കാറ്റിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ?. നഗരവിളക്കുകൾക്ക് ഈ വൈദ്യുതി ഉപയോഗിക്കാം. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനം നാട്ടിൽക്കൂടി നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ മിനി മോഡൽ തയ്യാറാക്കിയ ഒമ്പതാം ക്‌ളാസുകാരായ പ്രണിത് ഭാസ്‌കറും അശ്വിനും സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഇന്നലെ നിരാശയായിരുന്നു ഫലം. പാലക്കാട് ജില്ലയിലെ പനങ്ങാട്ടിരി ആർ.പി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥികളാണ് ഇരുവരും. കോടതി വിധി വഴി മത്സരിക്കാനെത്തിയ ഇരുവരുടെയും ഫലപ്രഖ്യാപനം കോടതിവഴി മാത്രമേ പ്രഖ്യാപിക്കൂവെന്നായിരുന്നു സംഘാടകരുടെ നിലപാട്.

നഗരവിളക്കുകൾ തെളിക്കാനുള്ള വൈദ്യുതി വാഹനങ്ങൾ സഞ്ചരിക്കുമ്പോഴുള്ള കാറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വിദ്യ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന അറിവ് അച്ഛൻ പത്മനാഭനിൽ നിന്നാണ് പ്രണിതിന് ലഭിച്ചത്. കൂട്ടുകാരനായ അശ്വിൻ കൂടി ചേർന്നതോടെ കേട്ടറിഞ്ഞ ഈ അറിവുകൾ ഫലപ്രാപ്തിയിലെത്തിക്കാൻ ശ്രമം തുടങ്ങി. ആക്രിക്കടയിൽ ഉപേക്ഷിച്ച പി.വി.സി. പൈപ്പും സൈക്കിൾ റിംഗും ഇരുവരും പൊടിതട്ടിയെടുത്തു. ചെറിയൊരു ഡൈനാമോയും വീൽ കറങ്ങാൻ ബെൽറ്റും സംഘടിപ്പിച്ചു. മൂന്നു ദിവസം കൊണ്ട് വെർട്ടിക്കൽ ടൈപ്പിൽ കാറ്റുകൊണ്ട് വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രം നിർമ്മിച്ചു.


പ്രവർത്തനം


60 മുതൽ 90 കിലോമീറ്റർ വേഗതയിൽ വാഹനം കടന്നുപോകുമ്പോൾ യന്ത്രത്തിന്റെ ചിറകുകൾ കറങ്ങും. മുകളിലും താഴെയും സൈക്കിൾ റിംഗുമായി ഘടിപ്പിച്ചതാണ് ചിറകുകൾ. റിംഗുമായി ഡൈനാമോ ബെൽറ്റിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ചിറകുകൾ കറങ്ങുന്നതിനനുസരിച്ച് ഡൈനാമോയും കറങ്ങി വൈദ്യുതി ഉത്പാദിപ്പിക്കും. നാലു വോൾട്ടിന്റെ ബൾബ് പ്രകാശിക്കുന്ന രീതിയിലാണ് ഇരുവരുടെയും മോഡൽ.

കോടതി വിധി തുണയായി, ഫലം മാത്രം അകലെ


ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രോജക്ട് ജില്ലാതലത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനത്തേക്കായി. സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയവർക്കാണ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനമെന്നാണ് ഇരുവരുടെയും പരാതി. അപ്പീൽ നൽകിയിട്ടും ഫലമില്ലാതായതോടെ പാലക്കാട് മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധി നേടി. ഉത്തരവുമായി ഇന്നലെ മത്സരിക്കാനെത്തിയെങ്കിലും സംഘാടകർ ആദ്യം അനുവദിച്ചില്ല. തർക്കത്തിനൊടുവിൽ മത്സരിക്കാനുള്ള അനുവാദം കിട്ടി. ഇവരുടെ ഫലം മാത്രം പ്രഖ്യാപിച്ചില്ല.