എരുമപ്പെട്ടി: സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഈർക്കിൽ കൊണ്ട് നിർമ്മിച്ച ഗണിത ഗോപുരം ശ്രദ്ധയാകർഷിച്ചു. പാലക്കാട് ജില്ലയിലെ മൂത്താൻതറ കെ.എച്ച്.എസ്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഗോകുൽദാസാണ് ഈർക്കിൽ ഉപയോഗിച്ച് ഗണിത ഗോപുരം നിർമ്മിച്ചത്.
സമചതുര സ്തൂപിക, ത്രികോണ സ്തംഭം, അഷ്ടഭുജ സ്തൂപിക, ക്യൂബ്, മട്ടത്രികോണം, സമചതുരം എന്നീ ഗണിത രൂപങ്ങളാണ് ഈർക്കിലിയിൽ തീർത്തത്. കഴിഞ്ഞ വർഷം കണ്ടെത്തിയ ത്രിമാന രൂപമായ സ്ക്യുറോയ്ഡ് ഗണിത ഗോപുരത്തിൽ കാണാൻ കഴിയും. ശാസ്ത്രമേളയിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്രകൃതിക്ക് ഇണങ്ങിയ വസ്തു ഉപയോഗിക്കണമെന്ന സന്ദേശം ഉൾക്കൊണ്ടാണ് ഗണിത ഗോപുരത്തിന്റെ നിർമ്മാണത്തിന് ഈർക്കിൽ ഉപയോഗിച്ചതെന്ന് ഗോകുൽദാസ് പറയുന്നു.