ചാലക്കുടി: പരിയാരം വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കാത്തത് താലൂക്ക് വികസന സമിതി യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എയെ ക്ഷുഭിതനാക്കി. ഇതേക്കുറിച്ച് ഉദ്യോഗസ്ഥരോട് എം.എൽ.എ ഏറെ നേരം തർക്കിക്കുകയും ചെയ്തു. മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം നിർമ്മാണം ആരംഭിച്ചില്ല. ഇവിടെ വെട്ടിയിട്ട മരങ്ങൾ മുറിച്ചു മാറ്റാത്തതാണ് കാരണം. ഇതാണ് എം.എൽ.എയെ ക്ഷോഭിപ്പിച്ചത്.

വില്ലേജ് ഓഫീസ് താൽക്കാലികമായി പൂവ്വത്തിങ്കലിലെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ അതിരപ്പിള്ളി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരേയും പ്രവൃത്തികൾ തുടങ്ങിയില്ല, എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതെല്ലാം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഫണ്ട് അനുവദിക്കുമ്പോൾ അതെല്ലാം യഥാസമയം നടപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്ന് എം.എൽ.എ ഓർമ്മിപ്പിച്ചു. അതിരപ്പിള്ളി, കോടശേരി എന്നിവ സമാർട്ട് വില്ലേജുകളാക്കുകയാണെന്നും എം.എൽ.എ യോഗത്തിൽ പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ എൻ.ആർ. ലത മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.