തൃശൂർ: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയുന്നതിൽ അവ്യക്തത തുടരുന്നു. നട്ടം തിരിഞ്ഞ് പൊലീസ്. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന നാലു പേരിൽ ഒരാളുടെ ഒഴികെ മറ്റാരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രമ എന്ന സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം മംഗലപുരം കീർത്തംഹുള്ളി സ്വദേശി ശോഭയുടേതാണെന്ന് കരുതി സഹോദരൻ ഉദയൻ ഇന്നലെ രാവിലെയെത്തിയിരുന്നു.
എന്നാൽ മൃതദേഹം തിരിച്ചറിയാനായില്ല. പോസ്റ്റുമോർട്ടത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പൊലീസ് കാട്ടിക്കൊടുത്തുവെങ്കിലും കാര്യമുണ്ടായില്ല. 15 വർഷം മുമ്പു രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങിയതാണ് ശോഭയെന്നു ഉദയൻ ചൂണ്ടിക്കാട്ടി. അതിനുശേഷം ഒരു വിവരവും വീട്ടുകാർക്കു ലഭിച്ചിരുന്നില്ല. മരിച്ച സ്ത്രീയുടെ ചിത്രം കണ്ടു നാട്ടുകാരാണ് അതു ശോഭയാണെന്ന സംശയം പ്രകടിപ്പിച്ചത്. തുടർന്ന് അവിടത്തുകാരുടെ സഹായത്തോടെയാണ് ഉദയൻ എത്തിയത്. ഒന്നര മണിക്കൂർ നേരം മെഡിക്കൽ കോളജിലുണ്ടായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് കാര്യങ്ങൾ ചോദിച്ചത്.
മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷമേ പോസ്റ്റുമോർട്ടം നടത്താവൂ എന്ന ആവശ്യമുയർന്നെങ്കിലും അത് അവഗണിച്ച പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങിയതാണ് പ്രശ്‌നമായത്. കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
സഹോദരി ലക്ഷ്മി, അവരുടെ ഭർത്താവ് സാലിവാഹനൻ എന്നിവർ വ്യാഴാഴ്ച രാത്രി എത്തിയാണ് മണിവാസകന്റ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് ബന്ധുക്കൾക്കു കൈമാറും. കാർത്തിയുടെ മൃതദേഹം സഹോദരൻ മുരുകേശനും തിരിച്ചറിയാനായില്ല. അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്നു പാലക്കാടു കോടതി എടുക്കുന്ന നിലപാടും നിർണായകമാകും.
ഇന്നുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ തുടർനടപടി എന്തുവേണമെന്ന് ഇന്നു വ്യക്തമാക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രത്യേകദൂതൻ വഴിയാണ് പാലക്കാട് കോടതിയിൽ എത്തിക്കുകയെന്ന് പൊലീസ് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗമാണ് റിപ്പോർട്ടു തയ്യാറാക്കിയത്. കൊല്ലപ്പെട്ട കാർത്തികിന്റെ മൃതദേഹത്തിന് രണ്ടു അവകാശികൾ എത്തിയതും പൊലീസിനെ കുഴക്കി. കാർത്തികിന്റേയും അരവിന്ദന്റെയും രമയുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വികൃതമാണെന്നു പറയുന്നു.