തൃശൂർ: പാലക്കാട് റൂട്ടിലെ റോഡ് ടാറിംഗ് ഉടൻ ആരംഭിക്കുമെന്ന കളക്ടറുടെ ഉറപ്പിനെ തുടർന്ന് തൃശൂർ - പാലക്കാട് റൂട്ടിലെ സ്വകാര്യബസ് സമരം പിൻവലിച്ചു. അതിനിടെ ഇന്നലെ കുതിരാൻ ഭാഗത്ത് റോഡുനിർമാണ നടപടികൾ ഭാഗികമായി തുടങ്ങി. രാവിലെ കളക്ടറുടെ വസതിയിൽ ബസ് ഉടമസ്ഥ സംഘടനകളുടെയും തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും യോഗം വിളിക്കുകയായിരുന്നു. മൂന്നു കോടി രൂപ ഇവിടെ നിർമാണ പ്രവൃത്തികൾക്കായി അനുവദിച്ചിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. നിർമാണനടപടികൾക്കു പ്രത്യേക മേൽനോട്ടം വഹിക്കുമെന്നും ഉറപ്പു നൽകി.
ബസ് സർവീസ് തീർത്തും അസാദ്ധ്യമായതോടെയാണ് സമരത്തിനിറങ്ങിയതെന്നു ബസുടമകളും നേതാക്കളും കളക്ടറോട് പറഞ്ഞു. ടാറിംഗ് മിശ്രിതം ഉപയോഗിച്ചാണ് കുഴികളടയ്ക്കുന്നത്. കളക്ടറുടെ നിർദേശത്തെ തുടർന്ന് കരാർ കമ്പനിയെ ഒഴിവാക്കി മറ്റൊരു കമ്പനിയെ നിയോഗിച്ചാണ് പണി നടത്തുന്നത്. രണ്ടു ദിവസങ്ങൾക്കകം പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കുതിരാനിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ നിരാഹാരം 13 ദിവസം പിന്നിട്ടു. കൊമ്പഴ മുതൽ വഴുക്കുമ്പാറ വരെ പൂർണമായി റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം. ഇന്നലെ നടത്തിയ സമരം ഡി.സി.സി. ജന. സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എൻ.സി. രാഹുൽ, പ്രദേശവാസി ശാന്ത എന്നിവരാണ് ഇന്നലെ നിരാഹാരമിരുന്നത്. വടക്കഞ്ചേരി ബൈക് റൈഡേഴ്‌സ് ടീം അംഗങ്ങളും സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സമരസമിതി കൺവീനർ വിഷ്ണു രവീന്ദ്രൻ അദ്ധ്യക്ഷനായി. നിപു പറമ്പാട്ട്, പി.എൻ. സേതുമാധവൻ, ഇബ്രാഹിം, ഹരിദാസ് മേനോൻ, റഫീക്, പി.എ ജമാലുദീൻ എന്നിവർ പ്രസംഗിച്ചു.