തൃശൂർ : സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ആദ്യ ദിനം പിന്നിടുമ്പോൾ 220 പോയിന്റുമായി മലപ്പുറം ജില്ലയാണ് മുന്നിൽ. 206 പോയന്റുള്ള പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 201 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
കണ്ണൂർ 198, വയനാട് 198 എന്നീ ജില്ലകൾ തൊട്ടു പിന്നാലെയുണ്ട്. 183 പോയിന്റുള്ള അതിഥേയരായ തൃശൂർ മൂന്നാം സ്ഥാനത്താണ്. സ്‌കൂൾ വിഭാഗത്തിൽ എം.ഐ.എച്ച്.എസ് 54 പോയന്റുമായി മുന്നിൽ നിൽക്കുമ്പോൾ ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളമാണ് രണ്ടാം സ്ഥാനത്ത്. ശാസ്ത്രവിഭാഗത്തിൽ 61 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. 53 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തും 51 പോയിന്റോടെ കോട്ടയവും പാലക്കാടും മൂന്നാമതുമാണ്. ഗണിതശാസ്ത്രത്തിൽ 133 പോയിന്റുമായി മലപ്പുറം മുന്നിലാണ്. 120 പോയിന്റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്തും 116 പോയിന്റുമായി വയനാട് മൂന്നാം സ്ഥാനത്തുമുണ്ട്. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ 25 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. 23 പോയിന്റോടെ തൃശൂർ രണ്ടാമതും 19 പോയിന്റോടെ പാലക്കാടും കാസർകോടും മൂന്നാമതുമാണ്. ഐ.ടിയിൽ 25 പോയിന്റോടെ മലപ്പുറം തന്നെയാണ് ഒന്നാമത്. 20 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 19 പോയിന്റോടെ വയനാടും മൂന്നാമതെത്തി. ഓവറാൾ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ് സ്‌കൂളും പൂംകാവ് എം.ഐ.എച്ച്.എസ് സ്‌കൂളും 49 പോയിന്റുമായി മുന്നിലുണ്ട്. 41 പോയിന്റുമായി വളവന്നൂർ ബി.വൈ.കെ.വി ഹൈസ്‌കൂൾ മൂന്നാം സ്ഥാനത്തുണ്ട്.