agri-

തൃശൂർ: വെള്ളമെത്താതെ കൃഷിയിടം വരണ്ടുണങ്ങി എന്നിനി പറയണ്ട. നിങ്ങൾ എവിടെയായാലും വെള്ളം വേണ്ടപ്പോൾ കൃഷിയിടം തന്നെ ചോദിക്കും. 'യുവർ പ്ളാന്റ് നീഡ് വാട്ടർ ' എന്ന സന്ദേശമാണ് തക്ക സമയത്ത് സ്മാർട്ട് ഫോണിലെത്തുക. 'ഓൺ' ഓപ്ഷൻ കൊടുത്താൽ മോട്ടോർ പ്രവർത്തിച്ച് വെള്ളം ഒഴുകാൻ തുടങ്ങും. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ തിരുവനന്തപുരം കല്ലറ ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ രണ്ടാം വർഷ വിദ്യാർത്ഥികളായ അനൂപ് ആർ. കൃഷ്ണനും ജാസിം അൻവറും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഇത് പ്രവർത്തിപ്പിച്ചു കാണിച്ചതോടെ എല്ലാവർക്കും വിസ്മയം.

ഇവർ കണ്ടെത്തിയ പ്രോഗ്രാം വഴിയാണ് 'അഗ്രി മൊബൈൽ ' പ്രവർത്തിക്കുന്നത്. ബ്ളിങ്ക് എന്ന ആപ് ഡൗൺലോഡ് ചെയ്ത് ഇതുവഴിയാണ് പ്രോഗ്രാം പ്രവർത്തിക്കുക. ആദ്യം കൃഷിയിടത്തിന് സമീപം ഐ.ഒ.ടി എന്ന സ്മാർട്ട് അഗ്രികൾച്ചർ ഡിവൈസ് സ്ഥാപിക്കണം. ഇതിലെ മൈക്രാേ കൺട്രോളർ (ഇ.എസ്.പി നോഡ്) മൊബൈലിലേക്ക് കണക്ട് ചെയ്യാം. മണ്ണിന്റെ ഈർപ്പം അറിയാനുള്ള സെൻസർ മണ്ണിൽ താഴ്ത്തി വയ്ക്കും. ഈ സെൻസർ സ്മാർട്ട് അഗ്രികൾച്ചർ ഡിവൈസിലെ അർഡിനോ ബോർഡ് എന്ന മെെക്രോ കൺട്രോളർ വഴി തുടരെ വിവരങ്ങൾ കൈമാറും. വൈഫൈ വഴി ഇത് മൊബൈലിലെത്തും.

നോട്ടിഫിക്കേഷനും കാണിക്കും. ആപ്പിൽ ഓൺ നൽകിയാൽ കൃഷിയിടത്തിന് സമീപത്തെ കിണറ്റിലെ മോട്ടോറിൽ നിന്നുള്ള വൈദ്യുതി കണക്‌ഷനും പ്രവർത്തിക്കും. ഡിവൈസിൽ സ്ഥാപിച്ച കാമറ വഴി ജലത്തിന്റെ അളവ് മൊബൈലിൽ കാണാം. 25 ശതമാനം ജലാംശം കുറയുമ്പോൾ സന്ദേശം എത്തിക്കാനുള്ള രീതിയിൽ സെറ്റ് ചെയ്യാം. വിളവുകൾക്ക് അനുസരിച്ച് പ്രോഗ്രാമിൽ മാറ്റം വരുത്താം.

ചെലവ്

മൊബൈലിന്റെ വില ഒഴികെ വെറും നാലായിരം രൂപ
ചെടികൾക്ക് ജലം ലഭിക്കേണ്ട യഥാർത്ഥ സമയം കണ്ടെത്താം
ടൈമർ വച്ചാൽ ദിവസവും കൃത്യമായ ഇടവേളകളിൽ വെള്ളം നൽകാം

സ്കൂൾ തോട്ടത്തിലേക്കും

''പഠനത്തിന്റെ ഭാഗമായാണ് കാമറയും സെൻസറുമൊന്നുമില്ലാതെ കഴിഞ്ഞ വർഷം ആദ്യമായി ഇത്തരമൊരു വിദ്യ കണ്ടെത്തിയത്. ഈ വർഷം കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തി അഗ്രി മൊബൈൽ ഉണ്ടാക്കുകയായിരുന്നു. ഇനി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ സ്ഥാപിക്കും. ''

- അനൂപ് ആർ. കൃഷ്ണൻ, ജാസിം അൻവർ