തൃശൂർ: സോപ്പ് കലർന്നുള്ള അഴുക്കുവെള്ളം തെളിനീരാക്കാൻ ഇനി രാസവസ്തുക്കളെ ആശ്രയിക്കേണ്ട. വീട്ടുവളപ്പിൽ ഉപേക്ഷിക്കുന്ന തണ്ണിമത്തൻ തൊണ്ട് മതിയെന്ന് കണ്ടെത്തിയിരിക്കുകയാണ് പാലക്കാട് ചാലിശേരി ജി.എച്ച്.എസ്.എസിലെ സായൂജ്യയും വി.യു. ശിവാനിയും.
തണ്ണിമത്തൻ്റെ പുറന്തോടിലെ മാലിന്യം വലിച്ചെടുക്കാനുളള കഴിവും ആന്റ് ഓക്സിഡൻ്റ് ശേഷിയുമാണ് ഇവർ പരീക്ഷിച്ചറിഞ്ഞത്.
മൂന്ന് ബീക്കറിൽ ശുദ്ധജലവും സോപ്പുവെള്ളവും തണ്ണിമത്തൻ തൊണ്ടിട്ട വെള്ളവും എടുത്ത് അതിൽ മീൻ വളർത്തിയായിരുന്നു പരീക്ഷണം. ഒരാഴ്ചക്കുള്ളിൽ സോപ്പ് വെള്ളത്തിലെ എഴുപത് ശതമാനം മീനുകളും ചത്തുപോയി. എന്നാൽ സോപ്പുവെളളത്തിൽ തണ്ണിമത്തൻ തൊണ്ടുകൾ നിക്ഷേപിച്ച ബീക്കറിലെ അമ്പത് ശതമാനം മീനുകൾ അതിജീവിച്ചു. സോപ്പു വെള്ളത്തിലെ മീനുകൾ 70 ശതമാനവും ചത്തു. സോപ്പിൻ്റെ സാന്നിദ്ധ്യമുളള ജലാശയങ്ങളിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളത്തിന് ഉപയോഗിക്കാൻ തണ്ണിമത്തൻ സഹായകരമാണെന്നാണ് ഇവർ പറയുന്നത്.
വിഷപ്രയാേഗം നടത്താതെ ജൈവകൃഷി രീതിയിൽ വിളയിച്ചെടുക്കുന്ന തണ്ണിമത്തനുകളിൽ കാൻസർ അടക്കമുളള രോഗങ്ങളെ പ്രതിരോധിക്കാനുളള ആൻ്റ് ഓക്സിഡൻ്റും ധാരാളമുണ്ടെന്ന് തെളിയിച്ചു. തോട് കഴുകി കഷണങ്ങളാക്കി ചൂടാക്കിയശേഷം മിക്‌സിയിൽ അരച്ച് ലായനിയാക്കി. അതിലേക്ക് പെട്രോളിയം ഈഥറും അസറ്റോണും 9:1 എന്ന അനുപാതത്തിൽ ഒഴിച്ചു. ഇത് അരിച്ചെടുത്ത് സോഡിയം ക്‌ളോറൈഡിന്റെയും പൊട്ടാസ്യം കാർബണേറ്റിന്റെയും ലായനി ഒഴിച്ചു. ബ്യൂററ്റിലേക്ക് അലുമിനിയം പൊടിയും ഹെക്‌സൈനും ചേർത്തു. ഹൈഡ്രജൻ പെറോക്സൈഡ് ഒഴിക്കുമ്പോൾ ലായനി ഇളം ചുവപ്പായി ഗാഢത കുറഞ്ഞു. ഇത് ആൻ്റി ആക്സിഡൻ്റിൻ്റെ സാന്നിദ്ധ്യം കൊണ്ടാണെന്നാണ് കണ്ടെത്തൽ. മെഥിലീൻ ബ്ളു എന്ന രാസവസ്തു ടെസ്റ്റ്ട്യൂബിൽ ഒഴിച്ച് തണ്ണിമത്തൻ്റെ തോട് ചേർത്ത് പരീക്ഷിച്ചപ്പോൾ ചായങ്ങൾ ആഗിരണം ചെയ്യാനുളള ശേഷിയും തിരിച്ചറിഞ്ഞു. തണ്ണിമത്തൻ തൊണ്ട് ഉപയോഗിക്കുമ്പോഴുളള രോഗപ്രതിരോധം കണ്ടെത്താൻ നാട്ടുകാരിൽ സർവേ നടത്തിയ ഫലങ്ങളുമായാണ് മൂക്കുതല, കല്ലൂർമ സ്വദേശികളായ സായൂജ്യയും ശിവാനിയും ശാസ്ത്രമേളയിലെത്തിയത്. പഠനഫലങ്ങൾ അവതരിപ്പിക്കുന്ന മത്സരത്തിലാണ് ഇവർ പങ്കെടുത്തത്.
ഗുണങ്ങളേറെ:
തണ്ണിമത്തന്റെ തൊണ്ടിലുളളത് രക്തചംക്രമണം സുഗമമാക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്ന സിട്രുലിൻ അമിനോ ആസിഡ്.
രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും തടികുറയ്ക്കാനും ചർമം ശുചിയാക്കി മാലിന്യങ്ങൾ നീക്കാനും സഹായിക്കും.
ആവശ്യമില്ലാത്ത റാഡിക്കലുകളെ നശിപ്പിക്കാനും പ്രോസ്‌ട്രേറ്റ് കാൻസറിനെ പ്രതിരോധിക്കാനും ജീവിതശൈലീരോഗശമനത്തിനും ഗുണകരം.
പ്രദർശിപ്പിച്ച ഭക്ഷ്യവസ്തുക്കൾ:
തൊണ്ട് ഉപയോഗിച്ചുളള അച്ചാർ, പായസം, സാലഡ് തുടങ്ങിയ ഒൻപതിനങ്ങൾ.