ganitham
ഫോട്ടോ 1. ഹൈപ്പർ ബോളോയ്ഡ് തിയറിയിൽ നിർമ്മിച്ച സിംഹാസനം ,2 . ജ്യോമെട്രിക്കൽ ഗെയ്റ്റ്

എരുമപ്പെട്ടി: ഭൂലോകത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്. സ്ഫടികം സിനിമയിൽ തിലകൻ അവതരിപ്പിച്ച ചാക്കോ മാഷിന്റെ പ്രശസ്തമായ ഡയലോഗാണിത്. ഇതിന്റെ നേർചിത്രങ്ങളാണ് സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ കാണാനായത്. അണുവിട വ്യതിചലിക്കാത്ത കണക്കുകളുടെ കാണാപ്പുറങ്ങളാണ് ഓരോ പ്രവർത്തനങ്ങളുടെയും പിറകിലുള്ളത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ 14 ഇന മത്സരങ്ങളാണ് ഇന്ന് നടന്നത്. 364 വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്റ്റിൽ മോഡലിൽ ഹൈപ്പർ ബോളോയ്ഡ് തിയറിയാണ് കൂടുതൽ വിദ്യാർത്ഥികളും ഉപയോഗിച്ചത്. മാസ് ഉയരത്തിൽ വരുമ്പോൾ അതിനെ സംതുലിതപ്പെടുത്തി നിലനിറുത്താനുള്ള തിയറിയാണ് ഹൈപ്പർ ബോളോയ്ഡ്. വലിയ കെട്ടിടങ്ങളിലും ആണവ റിയാക്ടറുകളിലും മാസ് നിയന്ത്രിക്കാൻ ഈ തിയറി ഉപയോഗപ്പെടുത്തുന്നുണ്ട്. ബ്ലാഡ്മിർ ഷുക്കുവെന്ന ശാസ്ത്രജ്ഞനാണ് ടവർ നിർമ്മാണത്തിനായി ഈ തിയറി ആദ്യമായി പ്രയോജനപ്പെടുത്തിയത്.

ഇരിങ്ങാലക്കുട സ്വദേശിയും ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ റുഫിനോ ടോണി ഈ തിയറി പ്രദർശിപ്പിക്കാർ നിർമ്മിച്ച ഗണിത സിംഹാസനം സ്റ്റിൽ വർക്കിംഗ് മോഡലുകളിൽ ശ്രദ്ധേയമായി. കോട്ടയം കറുകച്ചാൽ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ പത്തനംതിട്ട മുല്ലപ്പിള്ളി സ്വദേശി വി.ജെ. ജയശങ്കർ ഗണിത രൂപങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ജ്യോമെട്രിക്കൽ ഗേറ്റും ആകർഷകമായി.