കുന്നംകുളം: പച്ചക്കറി കേടുകൂടാതെ രണ്ടാഴ്ചയോളം സൂക്ഷിക്കാൻ, കാട്ടു സൂര്യകാന്തിയിലെ ഇലയിൽ നിന്ന് രൂപപ്പെടുത്തിയ ജൈവലായിനിയുമായി ഇടുക്കി വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്.എസ്. എസിലെ വിദ്യാർത്ഥികൾ. ഇടുക്കിയിൽ ധാരാളം കണ്ടു വരുന്നതാണ് കാട്ടുസൂര്യകാന്തി.
പച്ചക്കറികൾ രണ്ടാഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്നാണ് വിദ്യാർത്ഥികളായ വി. അഭിജിത്, അഭിഷേക് ബാബു എന്നിവർ അവകാശപ്പെടുന്നത്. പച്ചക്കറി സംരക്ഷണ ലായിനിക്കൊപ്പം കാട്ടു സൂര്യകാന്തിയിൽ നിന്ന് കൊതുകുതിരിയും ഇവർ ഉണ്ടാക്കി. പച്ചക്കറി സംരക്ഷണ ലായിനി കാട്ടു സൂര്യകാന്തിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് തിളപ്പിച്ചാണ് ഉണ്ടാക്കുന്നത്.
പിന്നീട് ഇത് അരിച്ചെടുക്കും. ശേഷം പച്ചക്കറികളിൽ ഈ ലായിനി സ്‌പ്രേ ചെയ്താൽ ഒന്നര രണ്ടാഴ്ച വരെ പച്ചക്കറികൾ കേടു വരില്ല. വീടുകളിലും പച്ചക്കറി മാർക്കറ്റിലും ഈ ജൈവ ലായിനി ഉപയോഗിക്കാം. ഇതേ ലായിനി തന്നെ ചെടികളിൽ രോഗാണു നാശിനിയായി ഉപയോഗിക്കാം. കൊതുകു നിവാരണത്തിന് ഇതേ ചെടിയിൽ നിന്ന് കൊതുകുതിരി ഉണ്ടാക്കി കുടുംബശ്രീ വഴി വിപണനം ചെയ്യാനും ഇവർക്ക് താത്പര്യമുണ്ട്.