ചാലക്കുടി: പ്രത്യേക കൗൺസിൽ വിളിക്കാനായി നൽകിയ നോട്ടീസ് ചെയർപേഴ്‌സൺ നിരാകരിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ യു.ഡി.എഫ് അംഗങ്ങൾ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതീകാത്മക കൗൺസിൽ ചേർന്ന് പ്രതിഷേധിച്ചു. നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള ഡി.ടി.പി സ്‌കീം റദ്ദ് ചെയ്യുന്നതിന് പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ 16അംഗങ്ങൾ ഒപ്പിട്ട് നൽകിയ നോട്ടീസാണ് ചെയർപേഴ്‌സൺ നിരസിച്ചത്.
ചട്ടങ്ങൾ അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ നോട്ടീസ് നൽകിയിട്ടും ചട്ടങ്ങൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് നോട്ടീസ് നിരാകരിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതീകാത്മക സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ അഡ്വ.സി.ജി. ബാലചന്ദ്രൻ, ആലീസ് ഷിബു, കെ.വി. പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടത്തിയ പ്രതീകാത്മക കൗൺസിൽ മേരി നളൻ നിയന്ത്രിച്ചു.
സമരം രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭാ ചെയർപേഴ്‌സൺ
പ്രതിപക്ഷം നഗരസഭ ഓഫീസിൽ നടത്തിയ പ്രതിഷേധ സമരം രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. മാസ്റ്റർ പ്ലാൻ സംബന്ധിച്ച കാര്യം ചർച്ച ചെയ്യാനായി പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. എന്നാൽ പത്ത് ദിവസത്തിന് മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം. എന്നാൽ പ്രതിപക്ഷം ഇതു പാലിക്കാതെയാണ് നോട്ടീസ് നൽകിയത്. ഇത് സംബന്ധിച്ച അറിയിപ്പ് അന്നു തന്നെ പ്രതിക്ഷത്തിന് കൈമാറിയിട്ടുണ്ടെന്നും ചെയർപേഴ്‌സൺ പറഞ്ഞു.