ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡിലെ പൊലീസ് കൺട്രോൾ റൂം വീണ്ടും തുറന്ന് പ്രവൃത്തിപ്പിക്കുന്നതിന് ഡി.ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ഡി.ദേവസ്സി എം.എൽ.എ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു.
രണ്ട് വർഷം മുമ്പാണ് ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത ബസ്സ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സിൽ കൺട്രോൾ റൂം തുടങ്ങിയത്. ഒരു എസ്.ഐ, രണ്ടു പൊലീസുകാർ എന്നിവരെ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. വിവിധ സംഘടനകളുടെ ധനസഹായത്തോടെ കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിൽ പതിനാറ് നിരീക്ഷണ കാമറകളും സ്ഥാപിച്ചു. എന്നാൽ ഒരുമാസം പിന്നിട്ടപ്പോൾ കൺട്രോൾ റൂം പ്രവർത്തനം നിലക്കുകയായിരുന്നു. ആവശ്യത്തിന് പൊലീസുകാരില്ലാത്തതിന്റെ പേരിലാണ് ഇതു നിറുത്തിയതെന്ന് ഡിവൈ.എസ്.പിയുടെ അറിയിപ്പുമുണ്ടായി. പിന്നീട് ഇതേ ചൊല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് യതീഷ് ചന്ദ്രയും നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിലും പൊതുവേദിയിൽ ഏറ്റുമുട്ടിയത് അന്ന് ഏറെ ചർച്ചയായിരുന്നു. 15ലക്ഷം രൂപ ചെലവിലാണ് നഗരസഭ കൺട്രോൾ റൂം ഒരുക്കിയതെന്നും കാമറകളുടെ പ്രവർത്തനം പൊതു ജനങ്ങൾക്ക് ഗുണകരവുമായിരുന്നുവെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇപ്പോഴത്തെ എസ്.ഐ ബി.കെ. അരുൺ കാമറകൾ പ്രവർത്തന സജ്ജമാക്കുമെന്ന് പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് എം.എൽ.എ പ്രത്യേക താൽപര്യമെടുത്ത് കൺട്രോൾ റൂം തുറക്കുന്നതിന് ശ്രമം ആരംഭിച്ചത്.