തൃശൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിൽ പകുതിയിലേറെ ബസ് സർവീസുകൾ മുടങ്ങി. ശമ്പള വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കോൺ. അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഏകദിന പണിമുടക്ക്.
സമരം മൂലം യാത്രക്കാർ വലഞ്ഞു. തൃശൂരിൽ മൊത്തം 183 സർവീസുകൾ ഉള്ളതിൽ 75 എണ്ണം മാത്രമാണ് നടത്താനായത്. ഭരണപക്ഷ അനുകൂല യൂണിയനുകൾ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സർവീസുകൾ പലതും വെട്ടിക്കുറച്ചത്. ജീവനക്കാർക്ക് അവധി അനുവദിക്കാൻ മെഡിക്കൽ ഓഫീസറുടെ ശിപാർശ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. സമരത്തെ നേരിടാൻ ഡയസ്‌നോണും പ്രഖ്യാപിച്ചിരുന്നു. ദീർഘദൂര സർവീസുകളെയാണ് കൂടുതലും ബാധിച്ചത്. സമരവേളകളിൽ ഓവർ ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിച്ചാണ് സാധാരണ സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തവണ അതിനു കഴിഞ്ഞില്ല. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ ഡിപ്പോകളെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. പണിമുടക്കിയ തൊഴിലാളികൾ തൃശൂർ ഡെപ്പോയിൽ പ്രകടനം നടത്തി. യൂണിയൻ നേതാക്കളായ ജോബി, പി.ബി.രാധാകൃഷ്ണൻ, സജീവൻ എന്നിവർ നേതൃത്വം നൽകി. ലിജി ബെഞ്ചമിൻ അദ്ധ്യക്ഷനായി. സി.ആർ. സുഷമ ഉദ്ഘാടനം ചെയ്തു.
തൃശൂർ ഡിപ്പോ
സർവീസുകൾ 65
ഓടിയത് 46
പണിമുടക്കിയത് 100 ഓളം തൊഴിലാളികൾ
മാള ഡിപ്പോ
40 സർവീസുകൾ
ഓടിയത് 5 എണ്ണം
മുടങ്ങിയത്
ഗുരുവായൂർ
2
പുതുക്കാട്
14
ചാലക്കുടി
15