ചാലക്കുടി: ദേശീയ പാതയിൽ പോട്ട സിഗ്‌നൽ ജംഗ്ഷനിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയിലേക്ക് ആളെ കൊണ്ടു പോയിരുന്ന ആട്ടോയും അപകടത്തിൽ കുടുങ്ങി. കാഞ്ഞിരപ്പിള്ളി ചേര്യേക്കര ജോയി (50), ഭാര്യ കൊച്ചുത്രേസ്യ (48) എന്നിവരായിരുന്നു ആട്ടോ ടാക്‌സിയിലുണ്ടായിരുന്നത്. ചട്ടിക്കുളം സ്വദേശികളായ മൂക്കനമറ്റം ചന്ദ്രൻ (59), ചട്ടിക്കുളം ഐക്കര ശ്രീദേവി (45), പാറയിൽ റെജി (52), പാറയിൽ നിഷ (40), തേമാലിപറമ്പിൽ ശാന്ത (49), ആലത്തൂർ പൂരക്കര ഹംസ (30), എറവത്ത് ബിജു (30), മൂഴിക്കുളം തേമാലിപറമ്പിൽ സുഭദ്ര (65) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
എല്ലാവരെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തു നിന്നുമെത്തിയ ടെമ്പോ ട്രാവലർ മുന്നിൽ കിടന്ന ഹ്യുണ്ടായി ഐ ടെൻ കാറിലിടിക്കുകയായിരുന്നു. തുടർന്ന് ഒന്നിന് പിന്നിൽ മറ്റൊന്നായി ഇടിച്ചു നിന്നു. നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലാണ് ആട്ടോ ടാക്‌സിയിടിച്ചത്. മറ്റൊരു അപകടത്തിൽ കാലിന്റെ എല്ലു പൊട്ടിയ ജോയിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതോടെ കാലിന് മറ്റൊരു ഒടിച്ചിലും സംഭവിച്ചു. പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.