തൃശൂർ: മുടിയഴിച്ചിട്ട് ചുണ്ണാമ്പു ചോദിക്കുന്ന യക്ഷികളുടെ കഥ പോലെ വേരറ്റു പോകുകയാണ് കരിമ്പനകളെന്ന് തന്റെ ഗവേഷണത്തിലൂടെ തെളിയിച്ച അദ്ധ്യാപികയ്ക്ക് ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം. വംശനാശം സംഭവിക്കുന്ന ഔഷധ ഗുണമുള്ള വൃക്ഷങ്ങളെ കണ്ടെത്തി ഗവേഷണം നടത്തുന്ന പാലക്കാട് കിണാശ്ശേരി എ.എം.യു.പി സ്‌കൂളിലെ അദ്ധ്യാപിക കെ.ആർ ബിന്ദു കരിമ്പനയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് നിവേദനവും നൽകി. തരൂർ പഞ്ചായത്തിൽ ഇതിനുള്ള ബോധവത്കരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി വീടുകൾ തോറും വിത്തുമുളപ്പിച്ച് തയ്യാറാക്കിയ കരിമ്പന തൈകളും ഇവർ വിതരണം ചെയ്യുന്നുണ്ട്.
ആയുർവേദത്തിനായും ബോധവത്കരണം
പനങ്കൂമ്പ്, പനം ശർക്കര, പനങ്കള്ള്, പന നൊങ്ക് എന്നിവയെല്ലാം ആയുർവേദ മരുന്നിന് ലഭ്യമാക്കുക ലക്ഷ്യമിട്ടും ബോധവത്കരണം
ഉത്പന്നങ്ങളും തയ്യാർ
കരിമ്പനയോല കൊണ്ടു നിർമിച്ച പായ, കുട, പന്ത്, പടക്കം മുതലായവ ഗവേഷണ ഫലമായി തയ്യാറാക്കി
വംശനാശത്തിലേക്ക്
ഇരുട്ടിൽ യക്ഷിക്കഥകളെയും പേറി പേടിസ്വപ്നമായി കരിമ്പനകൾ നെൽപ്പാടങ്ങളുടെ ഓരത്തും തൊടികളിലുമൊന്നും പണ്ടത്തെപ്പോലെ നിവർന്നു നിൽക്കുന്നില്ലെന്ന് ബിന്ദു പറയുന്നു. എല്ലാം വേരുണങ്ങി നശിച്ചു. പാലക്കാടൻ ഗ്രാമമായ തരൂരിൽ 2014 വരെ നൂറു വീടുകളിൽ 851 കരിമ്പനകൾ ഉണ്ടായിരുന്നു. എന്നാൽ 2019 ൽ അത് വെറും 146 ആയി ചുരുങ്ങി. പ്രൈമറി ടീച്ചർ വിഭാഗത്തിൽ പ്രോജ്ക്ട് അവതരിപ്പിച്ചതിനാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത്.
....................
കരിമ്പനയുടെ വിത്തുമുളപ്പിച്ച് വിതരണം നടത്താനും സംസ്ഥാനത്താകെ വ്യാപിപ്പിക്കാനും താത്പര്യമുണ്ട്
കെ.ആർ ബിന്ദു, അദ്ധ്യാപിക
മരങ്ങൾക്ക് ഇനി 'ആൻജിയോ പ്ലാസ്റ്റി'
പത്തു തരം മാമ്പഴവുമായി രാവണൻ മാവ്
കേടായതും ഉണക്ക ഭീഷണിയുള്ളതുമായ മരങ്ങൾക്ക് ബ്രിഡ്ജ് ഗ്രാഫ്റ്റിംഗ് നടത്തി സംരക്ഷിക്കാമെന്നാണ് തൃശൂർ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യൻ എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദ്യ ജെ. ജോസിൻ്റെ അവകാശവാദം. ഒരു മരമോ ചെടിയോ അതിന്റെ തൊലി കേടായി ഉണക്ക ഭീഷണി നേരിടുകയാണെങ്കിൽ ആ ഭാഗം ചെത്തിയെടുത്ത് അതേ മരത്തിന്റെ കൊമ്പ് അവിടെ ഒട്ടിച്ചു ചേർക്കും. തുടർന്ന് മെഴുക് തേച്ച് കൊമ്പ് കെട്ടി വയ്ക്കും. ഒരാഴ്ചക്കുള്ളിൽ ഈ ഭാഗം ഉണക്കം മാറി പഴയ അവസ്ഥയിലെത്തും.
ശാസ്ത്രമേളയിലെ ആദ്യയുടെ മറ്റൊരു പരീക്ഷണമായ രാവണൻ മാവ് എന്നത് ഒരു മാവിൻ തൈയ്യിൽ പത്തു തരം മാവിൻതൈകൾ ഒട്ടിച്ചു ചേർത്ത് വളർത്തലാണ്. ഇത്തരത്തിൽ നിരവധി പരീക്ഷണങ്ങൾ ഈ മിടുക്കി നടത്തി വിജയിച്ചിട്ടുണ്ട്. ഒരു മാവിൽ നിന്ന് പത്തു തരം മാങ്ങകൾ എന്ന ആശയം തന്റെ കാർഷിക ഗുരുനാഥനായ പിതാവ് ആശാരിക്കാട് കുറ്റിയാനിക്കൽ ജോസിൽ നിന്നാണ് ലഭിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ ക്ലാസെടുക്കുന്ന ജോസും കുടുംബവും ആദ്യയുടെ കാർഷിക പരീക്ഷണങ്ങൾക്കൊപ്പമുണ്ട്.