പുതുക്കാട് (തൃശൂർ) : 35 ഓളം യാത്രക്കാരുമായി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർക്ക് അപസ്മാരം. ഡ്രൈവറില്ലാ വണ്ടി ചവിട്ടി നിറുത്തിയുള്ള 62 കാരന്റെ സത്വര ഇടപെടലിൽ ദുരന്തം ഒഴിവായി. പച്ചളിപുറം കിഴക്കേടത്ത് വീട്ടിൽ തങ്കപ്പനെന്നയാളാണ് രക്ഷകനായത്.
ഇന്നലെ വൈകീട്ട് എഴോടെ കല്ലൂർ പച്ചളി പുറത്ത്, വെള്ളാനിക്കോടു നിന്നും ഇരിങ്ങാലക്കുടയിലേക്ക് വട്ടണാത്ര, മണ്ണംപേട്ട കൂടി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ ബസ് ഡ്രൈവർ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും വീണ് അപസ്മാര ലക്ഷണം കാട്ടിക്കൊണ്ടിരുന്നു. ബസ് ഡ്രൈവറില്ലാതെ മുന്നോട്ടു പോയി. ഈ സമയത്താണ് തങ്കപ്പൻ, ഡ്രൈവർ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടിയത്. സംഭവത്തിന് ഏതാനും നിമിഷം മുമ്പാണ് തങ്കപ്പൻ പച്ചളിപുറം ആരാധന ക്ലബ് സ്റ്റോപ്പിൽ നിന്നും കയറിയത്. സ്റ്റോപ്പിൽ നിറുത്തി യാത്രക്കാർ കയറി വീണ്ടും മുന്നോട്ട് എടുത്ത് അധികം സമയം ആയിട്ടുണ്ടായിരുന്നില്ല. അതിനാൽ ബസിന്റെ വേഗതയും കുറവായിരുന്നു. മുൻവാതിലിലൂടെ കയറിയ തങ്കപ്പൻ ബസിന്റെ മുൻവശത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഡ്രൈവറെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പുതുക്കാട് ഹോട്ടലിൽ ജോലിക്ക് വരാനായാണ് തങ്കപ്പൻ ബസിൽ കയറിയത്. സൈക്കിളു പോലും ഓടിക്കാനറിയാത്തയാളാണ് തങ്കപ്പൻ. പക്ഷേ സമയം നഷ്ടപ്പെടുത്താതെ തങ്കപ്പന് തോന്നിയ ബുദ്ധിയാണ് വലിയൊരു അപകടം ഒഴിവാക്കിയത്.