തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഇന്നലെയും ബന്ധുക്കളെത്തിയില്ല. മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. അവരോട് രേഖകളുമായി വരാനാണ് പൊലീസ് ആവശ്യപ്പെട്ടത്.

മറ്റ് മൂന്നുപേരുടെ മൃതദേഹം അജ്ഞാത പട്ടികയിൽപെടുത്തിയാണ് സൂക്ഷിച്ചത്. കാർത്തിക് എന്ന പേരിലുള്ള മൃതദേഹം സഹോദരൻ സുരേഷിന്റേതാണെന്ന് കർണാടക സ്വദേശി മഞ്ജുനാഥ്‌ നേരത്തെ അവകാശപ്പെട്ടിരുന്നു. കൂടുതൽ തെളിവുകളുമായി എത്താമെന്നാണ് അറിയിച്ചത്. അതിനിടെ മൃതദേഹം സംസ്‌കരിക്കാൻ പാലക്കാട്‌ കോടതി അനുവദിച്ചതോടെ എന്തു ചെയ്യണമെന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഹൈക്കോടതിയിൽ ജില്ലാ കോടതി വിധിക്ക് എതിരെ ബന്ധുക്കൾ അപ്പീൽ നൽകാൻ നീക്കമുള്ളതിനാൽ കുറച്ചു കൂടി കാത്തിരിക്കണോ എന്നാണ് മുഖ്യമായും തീരുമാനിക്കാനുള്ളത്. വിവാദ സംഭവമായതിനാൽ തിരക്കിട്ടു നടപടിയെടുക്കാൻ പൊലീസിനും താൽപര്യമില്ല. ഉന്നത നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമേ ധാരണയാകൂ.