satheesan-
കെ.സി.സതീശൻ

തൃശൂർ: പ്ലാസ്റ്റിക്ക് സഞ്ചികളിലാക്കി വൃക്ഷത്തൈകൾ വിതരണം ചെയ്യുമ്പോൾ മണ്ണിലേക്ക് എത്തിചേരുന്ന പ്ലാസ്റ്റിക്ക് മാലിന്യം എത്രയുണ്ടാകും?

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ വർഷവും സംസ്ഥാനത്ത് വനം വകുപ്പ് മാത്രം വിതരണം ചെയ്യുന്നത് 54 ലക്ഷം വൃക്ഷത്തൈകൾ . നഴ്‌സറികളിൽനിന്നും മറ്റുമായി ദിനംപ്രതി നൽകുന്നത് വേറെയും. ചുരുക്കത്തിൽ, സർക്കാർ ഏജൻസികളിൽനിന്നു മാത്രം ഒരു വർഷം മണ്ണിലെത്തുന്നത് 23 കോടി വൃക്ഷത്തൈകളുടെ വിതരണത്തിലൂടെ 13,300 ക്വിന്റൽ പ്ലാസ്റ്റിക്ക് കവറുകൾ!

ഇതിനെതിരേ, ഖാദിയുടെ ഡിറ്റി കോറ തുണികൊണ്ടുള്ള അഗ്രോ സഞ്ചികൾ കൊണ്ട് പ്രതിരോധം തീർക്കുകയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഏട്ടിക്കുളം എം.എ.എസ്.എസ്. ജി.എച്ച്.എസ്.എസ് അധ്യാപകനുമായ കെ.സി.സതീശൻ. സംസ്ഥാന ശാസ്ത്രമേളയിലെ ടീച്ചേഴ്‌സ് പ്രോജക്ട് മത്സരത്തിലാണ് സതീശൻമാഷിൻ്റെ ഹരിതവിദ്യ പച്ചപിടിച്ചത്.

പ്ലാസ്റ്റിക്കിൽ നിന്നും വ്യത്യസ്തമായി ഈ കവറുകൾ മണ്ണുമായി ലയിച്ചു ചേർന്ന് ജൈവ വളമാകും. ഒരു വർഷം മുതൽ ഒന്നര വർഷം വരെ ഇവ മണ്ണുമായും ജലവുമായും സമ്പർക്കം പുലർത്തും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പ്ലാസ്റ്റിക്ക് കവറിലൂടെയുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഭാഗമായി പ്രകൃതി മലിനീകരണത്തിന്റെ അളവ് തിരിച്ചറിഞ്ഞ് ബദൽ എന്ത് എന്ന് ചിന്തിക്കാൻ തുടങ്ങിയത്.

സ്വകാര്യമേഖലയിൽ വേറെയും
സർക്കാർ എജൻസികൾ വഴിയുള്ള പ്ലാസ്റ്റിക്ക് കവറുകളിലെ വൃക്ഷതൈ വിതരണത്തോടൊപ്പം സ്വകാര്യ മേഖലയിലെ കൂടി ഉൾപ്പെടുത്തുമ്പോൾ മണ്ണിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഭീമമാണ്. കേവലം 25 ദിവസം മുതൽ 9 മാസം വരെ മാത്രം ആവശ്യമായി വരുന്ന ഇത്തരം കവറുകൾ നിർമ്മിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും.

കണക്ക് ഞെട്ടിപ്പിക്കും

പ്ലാസ്റ്റിക്ക് ബാഗുകളുടെ ശരാശരി ഭാരം: 2.64 ഗ്രാം

54 ലക്ഷം തൈ വിതരണത്തിലൂടെ മണ്ണിലെത്തുന്നത് 1425.6 ക്വിന്റൽ പ്ലാസ്റ്റിക്ക്.

12 ജില്ലാ കാർഷികത്തോട്ടങ്ങളിലെ നടീൽ വസ്തുക്കളിലൂടെ എത്തുന്നത് 9352.8 ക്വിന്റൽ പ്ലാസ്റ്റിക്ക് കവറുകൾ.

ബ്ലോക്ക് പഞ്ചായത്തുകളിലുള്ള 64 വിത്തുൽപ്പാദന കേന്ദ്രങ്ങൾ വഴിയെത്തുന്നത് 2534.4 ക്വിന്റൽ പ്ലാസ്റ്റിക്ക്.

...................

''പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഖാദി തൊഴിലാളികൾക്ക് വരുമാനം സൃഷ്ടിക്കുന്ന മാർഗം കൂടിയായി ഇവയുടെ ഉപയോഗം സഹായിക്കും. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ നേരിൽ കണ്ട് തന്റെ പ്രോജക്ട് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.''

- കെ.സി.സതീശൻ