കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) ഇന്ന് അമ്പതാം പിറന്നാളിന്റെ നിറവിലാണ്. 63 വർഷം തികഞ്ഞ കേരളത്തിൽ അമ്പത് വർഷം പൂർത്തീകരിക്കുന്ന പൊതുമേഖലാ സ്ഥാപനം മാത്രമല്ല കെ.എസ്.എഫ്.ഇ. 36 ലക്ഷത്തിലേറെ ഇടപാടുകാരുടെ വിശ്വാസം കൈമുതലായുളള കെ.എസ്.എഫ്.ഇ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തിളങ്ങുന്ന തിലകമാണെന്ന് വിശേഷിപ്പിക്കാൻ രണ്ടിലൊന്ന് ആലോചിക്കേണ്ടതില്ല. ഈ വേളയിൽ പോയകാലവും പ്രതീക്ഷാനിർഭരമായ ഭാവിയും പങ്കുവയ്ക്കുകയാണ് കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ്.
അരനൂറ്റാണ്ടിനിടെയുള്ള കെ.എസ്.എഫ്.ഇയുടെ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു?
ചെറിയ തുടക്കമായിരുന്നു കെ.എസ്.എഫ്.ഇയുടേത്. സ്വകാര്യചിട്ടിമേഖലയുടെ തകർച്ചയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാമാണ് ഇത്തരമൊരു സംരംഭത്തിന് 1969ൽ തുടക്കമിടാൻ പ്രേരണയായത്. ഇ.എം.എസ് സർക്കാരായിരുന്നു കെ.എസ്.എഫ്.ഇ ആരംഭിക്കാൻ തീരുമാനിച്ചത്. ധനമന്ത്രി പി.കെ.കുഞ്ഞിന്റെ മുൻകൈയിൽ ഇങ്ങനെയൊരു ചിട്ടിക്കമ്പനി തുടങ്ങുമ്പോൾ, ബാങ്കിംഗ് സ്ഥാപനങ്ങളെ സാമൂഹ്യനിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കേരളത്തിന്റെ ആദ്യശ്രമം കൂടിയായി അത് മാറി. അന്ന് സംസ്ഥാനത്തുണ്ടായിരുന്ന 10 ജില്ലകളുടെ ആസ്ഥാനങ്ങളിൽ ഓരോ ശാഖകളും രണ്ടുലക്ഷം രൂപയുടെ പ്രവർത്തന മൂലധനവുമായി 45 ജീവനക്കാർ മാത്രമായാണ് കെ.എസ്.എഫ്.ഇ. പ്രവർത്തനമാരംഭിച്ചത്. ഇന്ന് 600 ഓളം ബ്രാഞ്ചുകളും 7000 ത്തിലേറെ ജീവനക്കാരും 3000 ത്തിലേറെ ഏജന്റുമാരും നിരവധി അപ്രൈസർമാരും ഉൾപ്പെടുന്ന വലിയ ശൃംഖലയായി മാറി. ചിട്ടി എന്ന തനത് ഉത്പന്നത്തെ ഗ്ളോബൽ പ്രൊഡക്ടാക്കി മാറ്റാൻ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടം. പുതുതലമുറയെ ചിട്ടിയുടെ മേന്മ പരിചയപ്പെടുത്തി എന്നതാണ് മറ്റൊരു സവിശേഷത. കേരളത്തിൽ ചിട്ടിക്ക് ചേരുന്നവർ നാൽപ്പത് വയസിന് മുകളിലുള്ളവരായിരുന്നു. എന്നാൽ പ്രവാസിചിട്ടി വന്നതോടെ സ്ഥിരമായി വരുമാനമുളള വലിയൊരു വിഭാഗം കെ.എസ്.എഫ്.ഇക്കൊപ്പം നിലകൊണ്ടു. 30-40 പ്രായത്തിലുളള തലമുറയ്ക്ക് ഡിജിറ്റൽ ഫോർമാറ്റിലുളള സാമ്പത്തിക ഇടപാടുകളോട് പ്രത്യേക താത്പര്യമുണ്ട്. ഒരു സ്മാർട്ട് ഫോണിൽ എല്ലാം നടക്കണമെന്ന് ചിന്തിക്കുന്നവരാണ് അവർ. പരമ്പരാഗത ചിട്ടി രൂപങ്ങളിൽ മാറ്റം വരുത്തിയതോടെ വലിയൊരു മുന്നേറ്റമുണ്ടായി.
അടുത്ത ലക്ഷ്യങ്ങളും സ്വപ്നപദ്ധതികളും?
കേരളത്തിന് പുറത്തുളളവർക്ക് കേരളചിട്ടിയോട് പ്രത്യേക താത്പര്യമുണ്ട്. കെ.എസ്.എഫ്.ഇയ്ക്ക് എല്ലാ ഗ്രാമങ്ങളിലും ശാഖകളുണ്ട്. ജന്മനാട്ടിൽ ശാഖകളുള്ളതുകൊണ്ട് പ്രവാസികൾക്ക് ഗുണകരമായി. നാട്ടിൽ ഭൂസ്വത്തുള്ള അവർക്ക്, നാട്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ കെ.എസ്.എഫ്.ഇ ചിട്ടി ഉപകാരപ്രദമായി. ജൂബിലിവർഷത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ആഘോഷച്ചടങ്ങിന് മുമ്പേ തന്നെ മറുനാടൻ പ്രവാസികൾക്കായി പ്രത്യേക സോഫ്ട് വെയർ കൊണ്ടുവരാനാകും. ആധുനികമായ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ പണം അടയ്ക്കാവുന്ന സാഹചര്യം അവരെ കൂടുതൽ അടുപ്പിക്കും. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് അകത്തുമുള്ള കേരളീയർ ധാരാളമായി ചിട്ടി ചേരുമ്പോൾ മത്സരം ശക്തിപ്പെടും. ഇതുവഴി ചിട്ടിചേരുന്നവർക്കെല്ലാം കൂടുതൽ ഡിവിഡന്റ് ലഭിക്കും. പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ അംശദായം മുന്നൂറ് രൂപയാണ്. പതിനായിരം രൂപ ഇൻസ്റ്റാൾമെന്റുളള ചിട്ടിയിൽ ചേരുന്നവരുടെ അംശദായം കെ.എസ്.എഫ്.ഇ തന്നെ അടയ്ക്കാവുന്ന സംവിധാനവും തുടങ്ങിയിട്ടുണ്ട്.
കുടുംബശ്രീയുമായി ചേർന്ന് വീട്ടമ്മമാരെയും ചിട്ടിയുടെ ഭാഗമാക്കും. അവർക്ക് ജാമ്യം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പരസ്പര ജാമ്യത്തിൽ ചിട്ടിയിൽ ചേരാനാകും. ഇതിനൊരു വ്യവസ്ഥാപിത രൂപം വരുമ്പോൾ കൂടുതൽ ആനുകൂല്യങ്ങളും നൽകാൻ കഴിയും. സ്വർണപ്പണയവായ്പയിൽ ഏറ്റവും കുറവ് പലിശ കെ.എസ്.എഫ്.ഇയുടേതാണ്. ഈ വായ്പാപദ്ധതി കൂടുതൽ വിപുലപ്പെടുത്തും. ചിട്ടിയോടൊപ്പം തന്നെ ഭവനനിർമ്മാണ വായ്പകളും സാധാരണക്കാർക്ക് ലഭ്യമാക്കുന്ന സംവിധാനവുമുണ്ടാകും. 2020 മാർച്ച് അവസാനിക്കുമ്പോൾ നൂറ് ശാഖകളാണ് കൂടുതലായി ഉണ്ടാകുക. അടുത്ത സാമ്പത്തികവർഷം ഒരു ലക്ഷം കോടിയുടെ ബിസിനസ് ചെയ്യുന്ന സ്ഥാപനമാക്കാനാണ് ലക്ഷ്യം.
കെ.എസ്.എഫ്.ഇ എങ്ങനെയാണ് കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് താങ്ങും തണലുമായത് ?
തുടങ്ങിയ നാൾ മുതൽ അമ്പതുവർഷക്കാലവും ലാഭത്തിലുളള സ്ഥാപനമാണിത്. പോയകാലങ്ങളിലായി സർക്കാരിന് ആയിരം കോടിയിലേറെ രൂപ പ്രോഫിറ്റ് ഷെയറും ഗ്യാരന്റി കമ്മിഷനുമൊക്കെ ആയി നൽകി. 5000 കോടി രൂപ ട്രഷറിയിൽ നിക്ഷേപമായി കിടപ്പുണ്ട്. ഫിനാൻഷ്യൽ മാനേജ്മെന്റിലും മണി മാനേജ്മെന്റിലുമെല്ലാം വലിയൊരു സംഭാവന തന്നെയാണ് കെ.എസ്.എഫ്.ഇ നൽകിയത്. സർക്കാരിന് പെട്ടെന്നൊരു സാമ്പത്തിക പ്രതിസന്ധി വന്നാൽ ഉടനെ ആശ്രയിക്കാവുന്ന ഒരു സ്ഥാപനം കെ.എസ്.എഫ്.ഇ ആണെന്ന ധാരണ പരക്കെ ഉയർന്നിട്ടുണ്ട്. ആ പ്രതീക്ഷയ്ക്കൊത്ത് സ്ഥാപനം വളർന്നുവെന്ന ആത്മവിശ്വാസവുമുണ്ട്.
പുതുതലമുറ എങ്ങനെയാണ് കെ.എസ്.എഫ്.ഇയെ കാണുന്നത് ?
കെ.എസ്.എഫ്.ഇ ചിട്ടി സമ്പാദ്യപദ്ധതിയായി പുതുതലമുറ കണ്ടുതുടങ്ങി. ചിട്ടി സമ്പാദ്യം കൂട്ടുമെന്ന് അവർ തിരിച്ചറിഞ്ഞു. സമ്പാദ്യശീലം അവരിൽ വർദ്ധിക്കുന്നുമുണ്ട്. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ചിട്ടികളിൽ 75 ശതമാനം കെ.എസ്.എഫ്.ഇയുടേതാണെന്നാണ് കണക്ക്. അതായത് വെറും 25 ശതമാനം മാത്രമാണ് കേരളത്തിലെ സ്വകാര്യചിട്ടിക്കമ്പനികളുടെ വിഹിതം. പുതുതലമുറയുടെ പിന്തുണ കൊണ്ടുകൂടിയാണ് ഇൗയൊരു വളർച്ച. അതുകൊണ്ടു തന്നെ പുതുതലമുറയിലാണ് പ്രതീക്ഷ.