തൃശൂർ: മാനസിക പിരിമുറുക്കവും, ഡ്യൂട്ടി ഭാരവും ഒഴിവാക്കാൻ ജില്ലയിലെ പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ ഉല്ലാസദിനം അനുവദിച്ചു. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയാണ് ഉത്തരവിറക്കിയത്. പൊലീസ് അസോസിയേഷൻ നൽകിയ അപേക്ഷയിലാണ് നടപടി. സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നിർദ്ദേശത്താൽ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാനാകും.
പൊലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും സേനാംഗങ്ങൾക്ക് ഒരുമിച്ച് ഒരു ദിവസം ഉല്ലാസമായി ഒത്തുചേരാനാകും. മുൻകൂട്ടി അനുമതി വാങ്ങി സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടികൾക്ക് തടസമില്ലാതെയാണ് ഉല്ലാസം അനുവദിക്കുക. മറ്റു സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സേനാംഗങ്ങളെ ഈ സമയത്ത് ഡ്യൂട്ടിക്കായി നിയോഗിക്കും. ഉല്ലാസദിന അവധി കാഷ്വൽ ലീവായി പരിഗണിക്കും. പരസ്പര സഹകരണം വളർത്തുക, മാനസിക സമ്മർദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളൊത്ത് ഇടപഴകുക എന്നിവ ലക്ഷ്യമാക്കിയാണ് ഉല്ലാസദിനം നൽകുന്നത്.