തൃശൂർ: സ്‌കൂൾ മേളകൾ അപ്പീൽ രഹിതമാക്കുന്നതിന് പരിശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലും ഹൈക്കോടതി വിധി മറികടന്ന് അപ്പീലുകളുടെ കുത്തൊഴുക്ക്. ശാസ്ത്രമേളയിൽ അപ്പീലുകൾ പാടില്ലെന്ന് രണ്ട് വർഷം മുമ്പ് ഹൈക്കോടതി വിധി ഉണ്ടായിരുന്നെങ്കിലും കുന്നംകുളത്ത് ഇന്നലെ സമാപിച്ച ശാസ്ത്രമേളയിൽ വന്നത് 17 അപ്പീലുകളെത്തി. ഇതിൽ 15 എണ്ണവും പാലക്കാട് മുൻസിഫ് കോടതി വഴിയായിരുന്നു.

രണ്ടെണ്ണം ആലപ്പുഴയിൽ നിന്നായിരുന്നു. അതിൽ തന്നെ ഒന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് മത്സരാർത്ഥി എത്തിയത്. മുൻസിഫ് കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവുമായി മേളയിൽ എത്തിയ എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും അവരുടെ മത്സരഫലം തടഞ്ഞുവച്ചിരിക്കുകയാണ്. മത്സരിപ്പിക്കാൻ അനുമതി തേടി വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചപ്പോൾ വാദപ്രതിവാദം ഇല്ലാതെ താത്കാലികമായി അനുമതി കൊടുക്കുകയാണ് ചെയ്തതെന്നും പറയുന്നു.
ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് വന്ന ശേഷമേ മത്സര വിധി പ്രഖ്യാപിക്കൂ. അപ്പീലുകളും വ്യാജ അപ്പീലുകളും അടക്കി വാഴുന്ന സ്‌കൂൾ കലോത്സവത്തിന് പിന്നാലെയാണ് ശാസ്ത്രമേളയിലും അപ്പീലുകൾ ഇടം പിടിക്കുന്നത്. രണ്ട് വർഷം മുൻപ് വ്യാജ അപ്പീൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

കോടതിയെ ബോദ്ധ്യപ്പെടുത്തും
ശാസ്ത്രമേളയിൽ അപ്പീലുകൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ മുൻസിഫ് കോടതി വഴി വന്ന അപ്പീലുകൾ പരിശോധിച്ച് അപ്പീൽ കമ്മിറ്റി കുട്ടികളെ മത്സരിപ്പിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് മുൻസിഫ് കോടതിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്തും. തുടർന്നേ അവരുടെ മത്സരഫലം പ്രഖ്യാപിക്കുകയുള്ളൂ.
സി.കെ. സന്തോഷ്, എ.ഡി.പി.ഐ