തൃശൂർ: ആറ് കിലോ കഞ്ചാവുമായി കുന്നംകുളം പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കഞ്ചാവ് റാണി എന്നറിയപ്പെടുന്ന മണിയിൽ കളംവീട്ടിൽ ശ്രീദേവി (39) പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ആന്റി നർകോട്ടിക് സംഘമാണ് ഇന്നലെ പുലർച്ചെ 3.30ന് കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നും കുറഞ്ഞ വിലയിൽ കഞ്ചാവ് വാങ്ങി കുന്നംകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ കുന്നംകുളം മേഖലയിലെ കോളേജ് വിദ്യാർത്ഥികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ഫോൺ നമ്പർ ലഭിച്ചത്. തുടർന്ന് മാസങ്ങളായി ഇവരെ സ്‌പെഷ്യൽ സ്‌ക്വാഡ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ രാവിലെ കുന്നംകുളം ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിലെത്തിയ പ്രതിയെ എ.സി.പി: ടി.എസ്. സിനോജ്, സി.ഐ: കെ.ജി സരേഷ്, എസ്.ഐ: യു.കെ ഷാജഹാൻ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: രാഘേഷ്, മെൽവിൻ, നിബു നെപ്പോളിയൻ, ഷിബിൻ, ജാൻസി, ഗീത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.