ചാലക്കുടി: ഓഖി ദുരന്തം വിതച്ച മഹാ വിപത്തിൽ നിന്നും മുക്തിതേടി ചാലക്കുടിയിൽ ചികിത്സക്ക് എത്തിരിക്കുകയാണ് ലോറൻസ്. ഡോക്ടർമാർ എഴുതിത്തള്ളിയ ജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ അക്യുപഞ്ചർ ചികിത്സക്കെത്തിയ തിരുവനന്തപുരം പൂന്തുറ സ്വദേശി ലോറൻസിന് രണ്ടുമാസം പിന്നിടുമ്പോൾ തികച്ചും ആശ്വാസം.
കഴുത്തുമുതൽ അരവരെ ക്ഷതമേറ്റ നട്ടെല്ലിന്റെ വേദനകൾ മാറിയതിന്റെ ആശ്വാസം ഈ 49 കാരന്റെ കണ്ണുകളിൽ പ്രകടമാണ്. ഇനിയും ചികിത്സ തുടർന്നാൽ സാധാരപോലെ തനിക്കും നടന്നുപോകാൻ കഴിയുമെന്നാണ് ലോറൻസിന്റെ ഉറച്ച വിശ്വാസം. ഓഖി ദുരന്തത്തിൽ നിന്നും ഏറ്റവും ഒടുവിൽ രക്ഷപ്പെട്ടയാളെന്ന പ്രത്യേകതയും നിരവധി ആശുപത്രികൾ കൈവിട്ടെത്തിയതെന്ന പരിഗണനയും പൊലീസ് സ്റ്റേഷന് സമീപമുള്ള അക്യുപഞ്ചർ ചികിത്സാ കേന്ദ്രത്തിൽ ഇയാൾക്ക് തുണയായി. രണ്ടരമാസത്തെ ചികിത്സ മുഴുവൻ സൗജന്യമായി ലഭിച്ചു.
നിരവധി ആശുപത്രികളിൽ നിരന്തരം ചികിത്സ നടത്തിയെങ്കിലും രണ്ടു മിനിറ്റ് നിവർന്നിരിക്കാൻപോലും ആവുമായിരുന്നില്ല. അറബിക്കടലിലെ മഹാദുരന്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തില്ലെന്ന് താനും നാട്ടുകാരും എല്ലാം കരുതിയിരുന്നു. മഹാ അത്ഭുതമായി സംഭവിച്ച രക്ഷപ്പെടൽ ആരോഗ്യ കാര്യത്തിൽ ഇനിയുമുണ്ടാകുമെന്ന് ഇപ്പോൾ മനസ് മന്ത്രിക്കുന്നത്, ലോറൻസ് പറഞ്ഞു
........................
മറക്കാനിഷ്ടപ്പെടുന്ന രാത്രി
2018 നവംബർ 29നുണ്ടായ ദുരന്തത്തെക്കുറിച്ച് ലോറൻസിന് പറയാൻ വാക്കുകളില്ല. ഏഴു വള്ളങ്ങളിലായി 32 പേരാണ് ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയത്. അർദ്ധ രാത്രിയിൽ ജീവിതത്തിൽ ഇതുവരെ അനുവഭപ്പെടാത്ത രീതിയിൽ ശക്തമായി കാറ്റു വീശി. ആടിയുലയുന്ന വള്ളങ്ങളിലിരുന്ന് തീർത്ത പ്രതിരോധങ്ങളെല്ലാം വെറുതെയായി. കൂരിരിട്ടും ശക്തമായ മഴയും കൂടിയായപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിഞ്ഞില്ല. ഒപ്പമുള്ള വള്ളങ്ങളും കൂട്ടുകാരും എങ്ങോട്ടോ പോയ്മറഞ്ഞു. ഇതിനിടെ തങ്ങൾ സഞ്ചരിച്ച വെള്ളവും തലകീഴായി മറിഞ്ഞു. തിരമാലകളുടെ ആഞ്ഞടിച്ച വരവ് വള്ളത്തിന്റെ പുറത്ത് മലർന്നു കിടന്ന തന്റെ മുതുകിനെ തകർക്കുകയായിരുന്നു. ഉപ്പുവെള്ളം കുടിച്ചു ജീവൻ നിലനിറുത്തി. ഒടുവിൽ അഞ്ചാം ദിവസം ഒരു വിദേശ കപ്പലെത്തിയത് അർദ്ധ പ്രാണനായി കിടന്ന തനിക്ക് രക്ഷയായി. കൂടെയുണ്ടായിരുന്ന മുന്നുപേരെ ഓഖി തട്ടിയെടുത്തത് പിന്നീടാണ് അറിഞ്ഞത്. ലോറൻസ് ആ ക്രൂര രാത്രിയെക്കുറിച്ച് ഓർത്തെടുത്തു.