വരന്തരപ്പിള്ളി: യുവതിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി. വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടൻ പ്രബിൻ(30) ആണ് പിടിയിലായത്. വരന്തരപ്പിള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന പ്രബിൻ മൂന്നു വർഷങ്ങൾക്കു മുൻപാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. ഇവരുടെ ഭർത്താവ് വിദേശത്തായതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രബിന്റെ വണ്ടി ഓട്ടം വിളിക്കുകയും തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു.
കഴിഞ്ഞ വർഷം കുട്ടിക്ക് പോളിയോ മരുന്ന് നൽകുന്നതിനായി ആശുപത്രിയിൽ പോകാൻ പ്രബിനെ വിളിക്കുകയും കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയ ശേഷം തിരികെ വരുന്ന വഴി വീട്ടുകാരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് പ്രബിന്റെ വീട്ടിൽ കയറുകയും കതക് കുറ്റിയിട്ട ശേഷം യുവതിയെ ഭീഷണിപ്പെടുത്തി വിവസത്രയാക്കി ഫോട്ടോയും വീഡിയോയും മറ്റും പകർത്തിയ ശേഷം ഇത് നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയെ ശാരീരികമായി നിരവധി തവണ പീഡിപ്പിച്ചത്. ഇതിനിടെ ഒരു ദിവസം യുവതിയുടെ വീട്ടിലെത്തി നിർബന്ധിച്ച് ശാരീരിക വേഴ്ച നടത്തവേ കുട്ടി കരഞ്ഞുകൊണ്ട് വന്നപ്പോൾ കുട്ടിയെ ഇയാൾ പിടിച്ചു തള്ളുകയും കുട്ടിയുടെ ശരീരം ചുമരിലിടിച്ച് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഭർത്താവ് വിദേശത്തു നിന്നും അയക്കുന്ന പണവും മറ്റും ഇയാൾ നിർബന്ധപൂർവ്വം എടുത്തു കൊണ്ടുപോകാൻ തുടങ്ങിയതോടെ യുവതി വിഷമ വൃത്തത്തിലായി. മാനസിക പീഡനം താങ്ങാനാകാതെ വന്നതോടെ വരന്തരപ്പിള്ളി സ്റ്റേഷനിലെത്തിയ യുവതി വനിതാ പൊലീസുകാരോട് സംഭവം വിവരിക്കുകയായിരുന്നു. യുവതിയിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം ആരംഭിച്ചു. യുവതി സ്റ്റേഷനിൽ എത്തിയതായി മനസിലാക്കിയ പ്രബിൻ അപ്പോഴേ മുങ്ങി. തുടർന്ന് ഇയാളെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്നു വരന്തരപ്പിള്ളി പൊലീസ്. പ്രബിനെ പിടികൂടുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു.
എറണാകുളം വാഴക്കാലയിൽ ഒളിവിൽ താമസിച്ച് ഗേറ്റ് നിർമ്മിക്കുന്ന ജോലിക്ക് പോകുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രത്യേകാന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിനെ കൂടാതെ വരന്തരപ്പിള്ളി സർക്കിൾ ഇൻസ്‌പെക്ടർ എസ്. ജയകൃഷ്ണൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മുസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും വരന്തരപ്പിള്ളി സ്റ്റേഷനിലെ സീനിയർ സി പി.ഒ: പി.ആർ. സുധീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.