ചാവക്കാട്: സമ്പൂർണ പ്രഥമ ശുശ്രൂഷ സാക്ഷരതാ നഗരസഭയാക്കി ചാവക്കാടിനെ മാറ്റാനുള്ള '' താങ്കളും രക്ഷകനാണ്'' യജ്ഞത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി 18വരെ നീളുന്ന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഭരണസമിതിയുടെ നാലാം വാർഷികത്തിന്റെ ഭാഗമായാണ് സമ്പൂർണ പ്രഥമ ശുശ്രൂഷ സാക്ഷര യജ്ഞത്തിന് തുടക്കമിട്ടത്. പെട്ടെന്നുണ്ടാകുന്ന രോഗാവസ്ഥയിലും അപകടങ്ങളിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് രോഗിക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചാവക്കാട് താലൂക് ആശുപത്രിയുടെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭയിലെ 32 വാർഡുകളിൽ നിന്നും പരിശീലകരായി തെരഞ്ഞെടുക്കപ്പെട്ട 160 പേർക്ക് പ്രഥമ ശുശ്രൂഷയുടെ പ്രായോഗിക പരിശീലന പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള ബോധവത്കരണ സെമിനാർ നടന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി. അജയകുമാർ എന്നിവർ ക്ലാസ്സെടുത്തു.
നഗരസഭയുടെ നാലാം വാർഷിക ദിനമായ 18ന് പ്രഥമ ശുശ്രൂഷാ സാക്ഷരത നേടിയ ആദ്യ നഗരസഭയായി ചാവക്കാടിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കും. ഇന്നലെ നടന്ന പരിശീലന പരിപാടിയിൽ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സരേഷ് അദ്ധ്യക്ഷയായി. വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിൽ അംഗങ്ങൾ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.കെ.എൻ. സതീഷ്, ജില്ലാ റൂറൽ ഹെൽത്ത് ഓഫീസർ പി.കെ. രാജു, ജില്ലാ മാസ്സ് മിഡിയ ഓഫീസർ ടി.എ. ഹരിത ദേവി, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ് എന്നിവർ പ്രസംഗിച്ചു.