തൃശൂർ: ദുരന്തമുഖങ്ങളിൽ ഇനി പതറി നിൽക്കേണ്ട. മൊബൈൽ ഫോണിൽ 108 ഡയൽ ചെയ്താലുടൻ ഓടിയെത്തും രക്ഷാ ദൗത്യവുമായി സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ്. മറ്റ് ആംബുലൻസുകളിൽ നിന്ന് വ്യത്യസ്തമായി 15 മിനിറ്റിനകം ഓടിയെത്തി അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിലാണ് 108 ആംബുലൻസുകളുടെ ക്രമീകരണം.
അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമകെയർ സംവിധാനത്തിന്റെ ഭാഗമായുള്ള കനിവ് 108 ആംബുലൻസിന്റെ പ്രവർത്തനം ജില്ലയിലും ആരംഭിച്ചു. ആർദ്രം ജനകീയ കാമ്പയിനിന്റെ ഭാഗമായാണ് ആംബുലൻസുകളുടെ സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്.
ജില്ലയ്ക്ക് 32 ആംബുലൻസുകളാണ് അനുവദിച്ചത്. ഇതിൽ 18 ആംബുലൻസുകളാണ് സേവനം തുടങ്ങിയത്. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായാണ് ആംബുലൻസുകൾ. 24 മണിക്കൂറും സേവനം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ക്രമീകരണം.
എല്ലാം ആധുനികം
കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. 108 എന്ന ടോൾഫ്രീ നമ്പറിനു പുറമെ ആൻഡ്രോയ്ഡ് ഫോണുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. അപകടം സംബന്ധിച്ച് കോൾ സെന്ററിൽ ലഭ്യമാകുന്ന വിവരം പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. കേന്ദ്രീകൃത കോൾ സെന്ററിൽ അപകടം സംബന്ധിച്ച വിവരമെത്തിയാൽ സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുള്ള ആംബുലൻസിനെ നിയോഗിക്കാൻ കോൾ സെന്ററിലെ ഉദ്യോഗസ്ഥർക്കാകും. 10 ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും എട്ട് ആംബുലൻസുകളുടെ സേവനം 12 മണിക്കൂറുമാണ് ലഭ്യമാകുക. ആംബുലൻസുകളിൽ ഒരു നഴ്‌സിന്റെ സേവനമുണ്ടാകും. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പുള്ള പ്രാഥമിക ശുശ്രൂഷ നൽകുന്നത് ഇവരാണ്.
സേവനം ഇവിടെ
കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ- ആലപ്പാട്, പുത്തൻചിറ, പുതുക്കാട്, ചേലക്കര, വലപ്പാട്, ആളൂർ, അന്തിക്കാട്, മുളങ്കുന്നത്തുകാവ്, എലഞ്ഞിപ്ര. ജില്ലാ ആശുപത്രി തൃശൂർ, ഗവ. ആശുപത്രി തൃപ്രയാർ, പ്രൈമറി ഹെൽത്ത് സെന്റർ: പൂക്കോട്,ചേലക്കര, പട്ടിക്കാട്, ജി.എച്ച്. ഇരിങ്ങാലക്കുട, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി: ചാലക്കുടി, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി.
ആപത്ഘട്ടങ്ങളിൽ മാത്രം
ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ 108 ആംബുലൻസുകളുടെ സൗകര്യം ഉപയോഗപ്പെടുത്തരുത്. അതിന് എത്രയോ സൗകര്യങ്ങളുണ്ട്. യഥാർത്ഥത്തിൽ സേവനം ആഗ്രഹിക്കുന്നവർക്ക് അത് നഷ്ടപ്പെടാൻ ദുരുപയോഗം കാരണമാകും.
- ഡോ. കെ.എച്ച്. സതീശൻ ( നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം)
ജില്ലയ്ക്ക് അനുവദിച്ച ആംബുലൻസുകൾ 32
സേവനം തുടങ്ങിയവ 18