ചാവക്കാട്: ആരോഗ്യ വകുപ്പിന്റെ പൊതു വ്യായാമ കേന്ദ്രം എന്ന ആശയത്തിന്റെ ഭാഗമായി വ്യായാമ മുറകൾക്ക് ചാവക്കാട് ബസ് സ്റ്റാൻഡിനടുത്തുള്ള കൂട്ടുങ്ങൽ ചത്വരത്തിൽ സൗകര്യം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒ കെ.എൻ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ജില്ലയിൽ ആദ്യമായാണ് ആരോഗ്യ വകുപ്പ് ഈ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ അറിയിച്ചു. നാലു ലക്ഷം രൂപ ഉപയോഗിച്ച് വ്യായാമത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങും. വ്യായാമത്തിന് എത്തുന്നവർക്കായി കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ പരിശോധിക്കാൻ മെഡിക്കൽ ലാബും ഇവിടെ സ്ഥാപിക്കും. ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങാനാകുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ, നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ എന്നിവർ പറഞ്ഞു.