ഉദ്ഘാടനം പത്തിന് രാവിലെ 11ന്
തൃശൂർ: സുവർണ ജൂബിലി സ്‌മാരകമായി നവീകരിച്ച കെ.എസ്.എഫ്.ഇയുടെ തൃശൂരിലെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പത്തിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൗൺഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും.
സുവർണ ജൂബിലി മെമ്മോറിയൽ പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി വി.എസ്. സുനിൽകുമാറും സുവർണ ജൂബിലി വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്‌തീനും നിർവഹിക്കും. കെ.എസ്.എഫ്.ഇ ചരിത്ര പുസ്‌തകം മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് കെ. രാജൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ടി.എൻ. പ്രതാപൻ എം.പി., മേയർ അജിത വിജയൻ തുടങ്ങിയവർ പങ്കെടുക്കും.
നവീകരണത്തോടെ ആസ്ഥാനമന്ദിരം പൂർണമായും ഹരിത കെട്ടിടമായി മാറുമെന്നും സ്ഥാപനത്തിലേക്കാവശ്യമായ വൈദ്യുതി സോളാർ ഊർജ്ജം കൊണ്ടാണ് ലഭ്യമാക്കുന്നതെന്നും കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസി ചിട്ടിവഴി 2021 മാർച്ചിനുള്ളിൽ പതിനായിരം കോടി രൂപ കിഫ്ബിയിൽ നിക്ഷേപിക്കാനാകും. ഇതിനകം 63.11 കോടിരൂപ കിഫ്ബിയിൽ നിക്ഷേപിച്ചു. പ്രവാസി ചിട്ടി ഫണ്ട് മാത്രമേ കിഫ്ബിയിൽ നിക്ഷേപിക്കൂ. നടപ്പുവർഷം ഗ്രാമങ്ങളിൽ 100 ബ്രാഞ്ചുകൾ കൂടി ആരംഭിക്കും. കുടുംബശ്രീ പ്രവർത്തകർക്കായുള്ള ചിട്ടി പരിഗണനയിലാണ്. ചിട്ടി മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് അവസാനം 25,000 രൂപ വരെ സമ്മാനമായി നൽകും.
മുഴുവൻ ബ്രാഞ്ചുകളിലും കാമറ സ്ഥാപിച്ച് പൊലീസിന്റെ സൈബർ വിഭാഗവുമായി ബന്ധിപ്പിക്കും. യുവതലമുറയെ ചിട്ടികളിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്‌തിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. മാനേജിംഗ് ഡയറക്‌ടർ എ. പുരുഷോത്തമൻ, ഡയറക്‌ടർമാരായ അഡ്വ. വി.കെ. പ്രസാദ്, അഡ്വ. റെജി സക്കറിയ, മുഹമ്മദ് ഷാ, വിജയൻ ചെറുകര, കാണക്കാരി അരവിന്ദാക്ഷൻ, ഡോ. ഡി. നാരായണൻ, വി.ആർ. മിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.