തൃശൂർ: വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധന നടത്താനും തെറ്റുണ്ടെങ്കിൽ തിരുത്താനുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്‌ടേഴ്‌സ് വെരിഫിക്കേഷൻ (ഇ.വി.പി) പ്രോഗ്രാം നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വോട്ടർമാർക്കും നവംബർ പത്തിനകം www.nvsp.in എന്ന വെബ്‌സെറ്റിലൂടെയോ പ്ലേ സ്‌റ്റോറിൽ ലഭ്യമാകുന്ന വോട്ടർ ഹെൽപ് ലൈൻ ആപ്പ് ഉപയോഗിച്ചോ വോട്ടർ പട്ടികയിലെ വിവരം പരിശോധിക്കാം. താലൂക്കുകളിൽ പ്രവർത്തിക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലൂടെ സൗജന്യമായും അക്ഷയ സെന്ററിലൂടെ ഒരാൾക്ക് 5 രൂപ നിരക്കിലും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
ജില്ലയിൽ 24,52,594 വോട്ടർമാരുള്ളതിൽ 4711 വോട്ടർമാർ മാത്രമാണ് ഇപ്രകാരം വെരിഫിക്കേഷൻ നടത്തിയിട്ടുള്ളത്. നവംബർ 25ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാൽ ഉടൻ ഇതിനുള്ള നടപടികൾ ആരംഭിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേര് നീക്കം ചെയ്തതു മൂലം സമ്മതിദാനാവകാശം നഷ്ടപ്പെട്ടവർക്ക് ഈ അവസരം വിനിയോഗിക്കാം. അവർക്ക് ഓൺലൈനിലൂടെ പുതിയ അപേക്ഷ നൽകാൻ സാധിക്കും.