മാള: യുവതിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് നാട്ടിൽ കലാപം. മാള സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി ഉയർന്നത്. ഫേസ്‌ബുക്കിൽ സുഹൃത്തുക്കളായ മറ്റ് യുവതികൾക്ക് വീഡിയോ ലഭിച്ചതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് അക്കൗണ്ട് ഉടമയായ യുവതി പോലും ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് അക്കൗണ്ട് ഉടമയും സൈബർ സെല്ലിൽ പരാതി നൽകി.
യുവതി ഒന്നര മാസം മുൻപാണ് ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങിയത്. ഇതിനകം അമ്പതോളം സുഹൃത്തുക്കളാണ് ഉണ്ടായിട്ടുള്ളത്. പലപ്പോഴും അറിയാതെ തന്നെ പലരും ഫേസ്‌ബുക്ക് സുഹൃത്തുക്കളായി മാറാറുണ്ട്. യുവതികൾക്ക് അശ്ലീല വീഡിയോകൾ സന്ദേശമായി ലഭിച്ചപ്പോൾ ഒരു യുവതിയുടെ ബന്ധുക്കൾ വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നു. സംഭവം അടിപിടിയിൽ എത്തിയപ്പോഴാണ് പരാതി പൊലീസിന് മുന്നിലെത്തിയത്.
യുവതിയുടെ ഭർത്താവാണ് സന്ദേശം അയച്ചതെന്ന സംശയത്തിലാണ് സംഭവം നാട്ടിൽ പാട്ടായി പരാതികളിലെത്തിയത്. പകൽ സമയത്താണ് ഇത്തരത്തിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചിട്ടുള്ളത്. സന്ദേശം ലഭിച്ച പരിചയക്കാരിയായ സുഹൃത്ത് ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. യുവതി അറിയാതെയാണ് സന്ദേശങ്ങൾ പോയതെന്ന് മനസിലായ പൊലീസിന്റെ നിർദേശത്തിലാണ് സൈബർ സെല്ലിൽ പരാതി നൽകിയത്.
സമാനമായ രീതിയിൽ യുവതിക്കും സന്ദേശം വന്നിരുന്നു. നവംബർ ഒന്ന് മുതലാണ് യുവതിയുടെ ചിത്രമുള്ള അക്കൗണ്ടിൽ നിന്ന് 16 സെക്കന്റ് വരെ ദൈർഘ്യമുള്ള അശ്ലീല വീഡിയോകൾ പ്രചരിച്ചത്. സന്ദേശങ്ങൾ പ്രചരിച്ചത് നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചത് യുവതിക്കും കുടുംബത്തിനും തലവേദനയായി മാറിയിരിക്കുകയാണ്.