മാള: അന്നമനട പഞ്ചായത്തിൽ ഭൂരിപക്ഷ അംഗങ്ങളുടെ എതിർപ്പ് മറികടന്ന് എടുത്ത തീരുമാനം തദ്ദേശ സ്വയംഭരണ വകുപ്പ് താത്കാലികമായി തടഞ്ഞു. 2019 സെപ്തംബർ നാലിന് എടുത്ത തീരുമാനമാണ് മരവിപ്പിച്ചത്. പഞ്ചായത്തിൽ ആകെയുള്ള 18 അംഗങ്ങളിൽ 17 പേർക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് ഒൻപത് അംഗങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്തിൽ ഭൂരിപക്ഷ എതിർപ്പ് മറികടന്ന് തീരുമാനം എടുത്തതിനെതിരെ എൽ.ഡി.എഫ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം താത്കാലികമായി തടഞ്ഞത്. ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്രൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ. അനിലൻ എന്നിവർ ആവശ്യപ്പെട്ടു.