ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷത്തിന് നാളെ തുടക്കമാകും. ഒരു മാസമാണ് ക്ഷേത്രത്തിൽ ഏകാദശി വിളക്കാഘോഷം. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായി 30 ദിവസം ചുറ്റുവിളക്കുണ്ടാകും. 31-ാം ദിവസം ഏകാദശി നാളിൽ ഗുരുവായൂർ ദേവസ്വം വകയാണ് ഉദയാസ്തമയ പൂജയോടെ വിളക്ക്.
വിളക്കാഘോഷം തുടങ്ങിയാൽ ഒരുമാസക്കാലം ക്ഷേത്ര നഗരി ഉത്സവ ലഹരിയിലാകും. ഡിസംബർ എട്ടിനാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ദശാബ്ദങ്ങളായി വിളക്കാഘോഷം തുടങ്ങാറുള്ള പാലക്കാട് അലനല്ലൂർ പറമ്പോട്ടു അമ്മിണിഅമ്മയുടെ വകയാണ് ആദ്യ വിളക്കാഘോഷം. ശനിയാഴ്ച ചാവക്കാട് മുൻസിഫ് കോടതി വക വിളക്കാഘോഷം നടക്കും. ഞായറാഴ്ച സ്‌റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷവും തിങ്കളാഴ്ച ക്ഷേത്രം പത്തുക്കാരുടെ വിളക്കാഘോഷവും നടക്കും. ചൊവ്വാഴ്ച്ച പോസ്റ്റൽ ജീവനക്കാരുടെ വിളക്കാഘോഷമാണ്.
17ന് കനറാ ബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷവും 18ന് ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ വക വിളക്കാഘോഷവും 19ന് ഗുരുവായൂർ പൊലീസിന്റെ വിളക്കാഘോഷവുമാണ്. 20ന് ലക്ഷദീപത്തോടെ അയ്യപ്പഭജന സംഘത്തിന്റെ വിളക്കാണ്. അവസാന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടക്കവാദ്യം, നാദസ്വരം എന്നിവയോടെയുള്ള വിളക്കെഴുന്നള്ളിപ്പ്, മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയുണ്ടാകും.