കൊടുങ്ങല്ലൂർ: ചന്തപ്പുര ബൈപ്പാസ് ജംഗ്ഷനിലും നഗരത്തിലെ വില്ലേജ് ഓഫീസ് മുതൽ ചന്തപ്പുര ബസ് സ്റ്റാൻഡ് വരെയുള്ള പ്രധാന റോഡിന്റെ ഡിവൈഡറുകളിലും പൂച്ചെടികളും ഔഷധച്ചെടികളും വളർത്തി കമനീയമാക്കുന്ന റോഡ് സൗന്ദര്യവത്കരണ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു.
ചന്തപ്പുര സിഗ്‌നൽ ജംഗ്ഷനിലെ ഡിവൈഡറുകളിൽ ഇരുവശത്തും ഗ്രില്ലുകൾ സ്ഥാപിച്ചാണ് ചെടികൾ വച്ചുപിടിപ്പിക്കുന്നത്. വില്ലേജ് ഓഫീസിന് മുന്നിലൂടെയുള്ള റോഡിലെ ഡിവൈഡറിൽ വടക്കോട്ട് കല്യാൺ ജ്വല്ലറി വരെയും ഈ ഭാഗത്തും ഗ്രില്ലുകൾ വച്ച് പൂച്ചെടികളും ഔഷധ സസ്യങ്ങളും വച്ച് നഗരത്തെ മോടിപിടിപ്പിക്കും. ഇവിടെ തണൽ വിരിച്ച് നിന്നിരുന്നവ മുറിച്ചു നീക്കിയാണ് മോടി പിടിപ്പിക്കൽ തുടങ്ങിയത്.
സ്‌പോൺസറിംഗിലൂടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. പൂച്ചെടികൾ നനയ്ക്കാൻ റോഡിനോട് ചേർന്ന് കുഴൽക്കിണറും സ്ഥാപിച്ചു കഴിഞ്ഞു. സ്പ്രിംഗ്‌ളർ ഉപയോഗിച്ചാണ് ചെടികൾ നനക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി വാങ്ങിച്ചാണ് നഗരസഭ പദ്ധതി ആരംഭിച്ചത്. പദ്ധതി വിജയിച്ചാൽ മറ്റ് ഭാഗങ്ങളിലേക്കും ഇത് നടപ്പിലാക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.