കൊടുങ്ങല്ലൂർ: ബാബറി മസ്ജിദ് വിധി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ക്രമസമാധന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് സർവ്വകക്ഷി, മത സാമുദായ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിലെ പൊതുവായ തീരുമാനപ്രകാരം വിധി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഒരു സംഘടനകളും ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്താൻ പാടില്ല. കൂടാതെ ഇതു സംബന്ധിച്ച് നവ മാദ്ധ്യമങ്ങളിലൂടെയും മറ്റും മറുവിഭാഗങ്ങളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനങ്ങളും നടത്താൻ പാടില്ലാത്തതും അത്തരം പ്രവൃത്തിക്കൾക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ ധാരണയായി. മുനിസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ, സി.ഐ: പി.കെ. പത്മരാജൻ, എസ്.ഐ: ബൈജു എന്നിവർക്ക് പുറെമെ രാഷ്ട്രീയ മത സാമുദായിക നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.