ഗുരുവായൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര പതാക ജാഥകൾ ഇന്നും നാളെയും നടക്കും. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ ഒമ്പതിന് കിഴക്കെനടയിലെ ആർവീസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ആമുഖപ്രഭാഷണവും സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് മുഖ്യപ്രഭാഷണവും നടത്തും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വ്യാപാരികളെ ആദരിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, മുൻ എം.പി: ഡോ. പി.കെ. ബിജു തുടങ്ങിയവർ സംബന്ധിക്കും.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക വേദിയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് തെക്കേത്തല, സെക്രട്ടറി കെ.എം. ലെനിൻ, ജില്ലാ ഭാരവാഹികളായ മിൽട്ടൻ ജെ. തലക്കോട്ടൂർ, ജോഫി കുര്യൻ, ടി. ബാബു ആന്റണി, ഏരിയ പ്രസിഡന്റ് ടി.ബി. ദയാനന്ദൻ എന്നിവർ സംബന്ധിച്ചു.