facebook-love

തൃശൂർ: സമൂഹമാദ്ധ്യമങ്ങൾ വഴി പ്രണയത്തിലായ തൃശൂരിലെ അഞ്ചു പെൺകുട്ടികൾ കാമുകന്മാർക്കൊപ്പം ഒളിച്ചോടി. ഇവരിൽ വിവാഹിതരായ നാലുപേരിൽ മൂന്നുപേരെ പൊലീസ് തൃശൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. നാലാമത്തെ പെൺകുട്ടിയെ ഇന്ന് കാസർകോട് നിന്നെത്തിക്കും.

ഒരു പെൺകുട്ടിയെയും കാമുകനെയും നാട്ടുകാർ പിടികൂടിയതിനാൽ ഇവരുടെ വിവാഹം നടന്നില്ല. പെൺകുട്ടിയുടെ താത്പര്യമനുസരിച്ച് കോടതി ഇവരെ കാമുകന്റെ അമ്മയ്‌ക്കൊപ്പം പറഞ്ഞയച്ചു.

രാവിലെ എട്ടോടെയാണ് പാവറട്ടി, മാള, ചാലക്കുടി, വടക്കാഞ്ചേരി, പുതുക്കാട് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചു പെൺകുട്ടികളെ കാണാതായ വിവരം പുറത്തുവന്നത്. തൊട്ടുപിറകെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കാണാതായി. കുടുംബപ്രശ്‌നം കാരണം അച്ഛന്റെ കൂടെ എറണാകുളത്തെ ഫ്ലാറ്റിലേക്കാണ് ഈ പെൺകുട്ടി പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കാണാതായവർ തൃശൂർ റൂറൽ, സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടവരാണ്. ഐ.ജി. സുരേന്ദ്രൻ അന്വേഷണം ഏറ്റെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ നാലു മണിക്കൂറിനുള്ളിൽ പെൺകുട്ടികളുടെ വിവരം ലഭിച്ചു. വീട്ടുകാർക്ക് പെൺമക്കളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. അവർ നൽകിയ വിവരങ്ങളാണ് അന്വേഷണം വേഗത്തിലാക്കിയത്.

വിദ്യാർത്ഥികളും മുതിർന്നവരും

വിവാഹിതരായ നാലുപേരിൽ രണ്ടു പേർ വിദ്യാർത്ഥികളാണ്. അതിലൊരാൾ പ്ലസ് ടുക്കാരിയാണ്. രണ്ടുപേർ വീടിന് അടുത്തുള്ളവരെയും ഒരാൾ കൊല്ലത്തും ഒരാൾ കാസർകോടും ഉള്ളവരെയാണ് പ്രണയിച്ചതും വിവാഹം കഴിച്ചതും. ഫേസ് ബുക്കിലാണ് പ്രണയം തുടങ്ങിയത്. ഫോൺ നമ്പർ കൈമാറി വാട്ട്‌സാപ്പിലൂടെ പ്രണയം വളർന്നു. വിദ്യാർത്ഥികളായ മൂന്നുപേരും 18 വയസ് തികയാൻ കാത്തിരിക്കുകയായിരുന്നു. വിവാഹ രജിസ്‌ട്രേഷനായി തിരിച്ചറിയൽ കാർഡുകളും ഫോട്ടോയും മറ്റ് രേഖകളും പെൺകുട്ടികൾ കൂടെ കരുതിയിരുന്നു.

മാളയിലേത് രണ്ടാം ഒളിച്ചോട്ടം

മാളയിലെ പെൺകുട്ടി 12ാം വയസിലാണ് നാട്ടുകാരനായ യുവാവുമായി പ്രണയത്തിലായത്. 16ാം വയസിൽ ഇവർ ഒളിച്ചോടി. അന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കാമുകൻ കുറച്ചുനാൾ ജുവനൈൽ ജയിലിൽ കിടന്നു. ഇന്നലെ ഇരുവരെയും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. കാമുകന്റെ അമ്മയെ കോടതി വിളിച്ചുവരുത്തി അവർക്കൊപ്പം പെൺകുട്ടിയെ വിട്ടയയ്‌ക്കുകയായിരുന്നു. ഇന്നലെയാണ് രണ്ടുപേർക്കും 18 വയസ് തികഞ്ഞത്. ഇതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും.


പെൺകുട്ടികളുടെ വിവരങ്ങൾ

പുതുക്കാട്: 18 വയസ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി, കാമുകൻ കൊല്ലം സ്വദേശി, വിവാഹം കൊല്ലത്ത്
ചാലക്കുടി: 22 വയസ്, പ്രണയിച്ചത് നാട്ടുകാരനെ. വിവാഹം ചാലക്കുടിയിൽ.
മാള: 18 വയസ്, പ്രണയിച്ചത് നാട്ടുകാരനെ
പാവറട്ടി: 18 വയസ്, പ്ലസ്ടു വിദ്യാർത്ഥിനി, പ്രണയിച്ചത് നാട്ടുകാരനെ, വിവാഹം തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രത്തിൽ.
വടക്കാഞ്ചേരി: 23 വയസ്, കാമുകൻ കാസർകോട് സ്വദേശി. വിവാഹം കാസർകോട്.
ഈസ്റ്റ് സ്‌റ്റേഷൻ: പ്ലസ്ടു വിദ്യാർത്ഥിനി. പോയത് അച്ഛന്റെ അടുത്തേക്ക്. കാരണം കുടുംബപ്രശ്‌നം.