തൃശൂർ: കുതിരാനിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി നിരവധി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ കഴിഞ്ഞ ദിവസം നിറുത്തിവച്ച ടാറിംഗ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ കൊമ്പഴയിലും വഴുക്കുംപാറയിലുമാണ് ടാറിംഗ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മെറ്റൽ വിരിക്കുന്ന നടപടികൾക്ക് തുടക്കമിട്ടു.

കഴിഞ്ഞ ദിവസം സ്വകാര്യ ബസുടമകൾ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സമരം നടത്തിയിരുന്നു. ഉടൻ അറ്റകുറ്റപ്പണികൾ നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. എന്നാൽ വീണ്ടും പണി നിറുത്തിവച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ 19ന് മുൻപ് കുതിരാനിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. 19 നുളളിൽ പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള സമയപട്ടിക തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. തീർത്തും തകർന്ന കിടക്കുന്ന പ്രദേശങ്ങളിൽ ടാറിംഗ് ആരംഭിച്ചിട്ടുണ്ട്. കുഴിയടയ്ക്കുന്നതിനു പുറമേയാണിത്. ഇപ്രകാരമുളള ടാറിംഗ് ജോലികൾ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും കളക്ടർ അറിയിച്ചു.

ഇതിനിടെ എം.പി.മാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ദേശീയപാത അതോറിറ്റി ചെയർമാനെ കണ്ടിരുന്നു.