തൃശൂർ: സ്റ്റുഡൻസ് അസോസിയേഷൻ ഒഫ് പാലിയേറ്റിവ് കെയറിൻ്റെ (എസ്.എ.പി.സി) നാലാം ദേശീയ സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തൃശൂർ റീജ്യണൽ തിയറ്ററിൽ നടക്കും. തൃശൂർ ആസ്ഥാനമായി കേരളത്തിൽ 17 സെന്ററുകളോടെ പ്രവർത്തിക്കുന്ന ആൽഫ പാലിയേറ്റിവ് കെയറാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം എന്നതാണ് സമ്മേളനത്തിന്റെ ഇതിവൃത്തം.
കേരളത്തിന് പുറത്തുള്ള 110 കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 310 പേർ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് ആറിന് നിയമസഭാ ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം നിർവഹിക്കും.
സമാപന ദിവസമായ ഞായറാഴ്ച വിവിധ സയൻറിഫിക് സെഷനുകളും വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് കെയറിൽ എന്തു ചെയ്യാം എന്ന ചർച്ചയും നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ രണ്ടുവരെയാണ് സമാപന സമ്മേളനം. നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.
ആൽഫ പാലിയേറ്റീവ് കെയർ ചെയർമാനും ഇന്ത്യൻ അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയർ നാഷണൽ കൗൺസിൽ ഫൊർ പാലിയേറ്റീവ് കെയർ അംഗവുമായ കെ.എം. നൂർദീൻ, എസ്.എ.പി.സി സമ്മേളനത്തിന്റെ സയിന്റിഫിക് കമ്മിറ്റി ചെയർപെഴ്‌സൺ ഡോ. ഗീതാ ജോഷി, എസ്.എ.പി.സി ഉപദേശക സമിതി അംഗം കേണൽ (റിട്ട.) ഡോ. യശ്വന്ത് ജോഷി, ആൽഫ ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ, എസ്.എ.പി.സി പ്രൊജക്ട് കോ - ഓർഡിനേറ്റർ വീനസ് തെക്കല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.