തൃശൂർ: പെറ്റിക്കേസുകളിൽ പ്രതികൾക്ക് കുറ്റം സമ്മതിച്ച് പിഴ ഒടുക്കി കേസ് തീർക്കാൻ ജില്ലയിലെ എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും സർക്കാർ അവധി ദിനമായ നാളെ രാവിലെ പത്ത് മുതൽ പ്രത്യേക സിറ്റിംഗ് നടത്തും. ഏകദേശം 10000 പെറ്റി കേസുകളാണ് ജില്ലയിൽ വിവിധ മജിസ്‌ട്രേറ്റ് കോടതികളിൽ അന്നേ ദിവസം പരിഗണിക്കുക. പ്രതികൾക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ കോടതിയെ സമീപിക്കാം. തൃശൂർ, വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി മജിസ്‌ട്രേറ്റ് കോടതികൾക്ക് അന്ന് പ്രവൃത്തി ദിനം ആയിരിക്കും. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദ്ദേശമനുസരിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യേക സിറ്റിംഗ് നടത്തുന്നത്. പെറ്റി കേസ് പ്രതികൾക്കുള്ള സമൻസ് തപാൽ മുഖേന അയച്ചു. മറ്റു കേസുകൾ അന്ന് പരിഗണിക്കില്ല. പെറ്റി കേസിലെ പ്രതികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തൃശൂർ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് കെ.പി. ജോയ് അറിയിച്ചു.