food
ഫുഡ് സേഫ്റ്റി ഓഫീസർ മാരായ വി.കെ. പ്രദീപ്കുമാർ, എസ്. ലിജ, വി. ലിഷ എന്നിവ രുടെ നേതൃത്വത്തിൽ ഹോസ്റ്റൽ മെസുകളിൽ നടത്തിയ പരിശോധന

തൃശൂർ: സ്‌കൂൾ- കോളേജ് ഹോസ്റ്റലുകളിൽ സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ തൃശൂരിൽ മിന്നൽ പരിശോധന നടത്തി. ജില്ലയിലെ കോളേജ്, സ്‌കൂൾ, എൻട്രൻസ് കോച്ചിംഗ് ഹോസ്റ്റലുകളിൽ നടത്തിയ പരശോധനയിൽ വൃത്തിഹീനമായി ചിലത് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി.

കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ ചിലയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തു. മൂന്ന് വർഷം മുമ്പ് കാലാവധി കഴിഞ്ഞ എസൻസിന്റെ പാക്കറ്റ് ഒരു ഹോസ്റ്റലിൽ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. മാസങ്ങളായി കഴുകാത്ത പാത്രങ്ങൾ പാചകത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തി. നോൺ വെജിറ്റേറിയൻ ഭക്ഷണത്തിൽ ചേർക്കാൻ ചിലയിടങ്ങളിൽ കൃത്രിമ നിറം സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഫ്രീസറുകളിൽ തീയതി രേഖപ്പെടുത്താതെ ഇറച്ചിയും മീനും സൂക്ഷിച്ച ഹോസ്റ്റലുകൾക്ക് നോട്ടീസ് നൽകി.

വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ച് കുട്ടികൾക്ക് വ്യാപകമായി ഭക്ഷ്യവിഷബാധയുണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. തൃശൂർ ജില്ലയിലെ ഹോസ്റ്റലുകളിൽ ഫുഡ് സേഫ്ടി ഓഫീസർമാരായ വി.കെ. പ്രദീപ്കുമാർ, എസ്. ലിജ, വി. ലിഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.