തൃശൂർ: ജനറൽ ആശുപത്രിയിൽ എട്ടുകോടി രൂപ ചെലവിൽ കാത്ത് ലാബ് നിർമ്മാണം തുടങ്ങി. ഹൃദ്രോഗ ചികിത്സയ്ക്കുളള ആധുനിക ചികിത്സാ സംവിധാനമായ കാത്ത് ലാബ് സർക്കാരിന്റെ ബഡ്ജറ്റ് വിഹിതവും കിഫ്ബിയുടെ സഹകരണത്തോടെയുമാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നിർമ്മിക്കുന്നത്. വിപ്രോ ആണ് കാത്ത് ലാബ് നിർമ്മാണവും യന്ത്രോപകരണങ്ങൾ സ്ഥാപിക്കലും ചെയ്യുന്നത്. ലാബിലേക്ക് ആവശ്യമുളള ഹൈ ടെൻഷൻ വൈദ്യുതി കണക്‌ഷൻ നൽകുന്നത് കോർപറേഷനാണ്. സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും കാത്ത് ലാബ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഴയ വാർഡ് നവീകരിച്ചാണ് നിർമ്മാണം. ജനുവരിയോടെ പ്രവർത്തനം തുടങ്ങും. കാത്ത് ലാബിലേക്ക് മാത്രമായി പതിനഞ്ച് സ്റ്റാഫ് നഴ്‌സ്, നാല് നഴ്‌സിംഗ് അസിസ്റ്റന്റ്, ഇക്കോ ആൻഡ് ടി.എം.ടി ടെക്‌നീഷ്യൻമാർ രണ്ട് എന്നിങ്ങനെ 34 ജീവനക്കാരെ മുഴുവൻ സമയപ്രവർത്തനത്തിനായി നിയമിക്കും.