അന്തിക്കാട് : കാരമുക്കിൽ 40 ലക്ഷം പിടികൂടിയതിനു പിന്നാലെ പ്രതികളിലൊരാളായ ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാറിന്റെ(42) വീട്ടിൽ നിന്നും പൊലീസ് നടത്തിയ റെയ്ഡിൽ 14 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. അന്തിക്കാട് എസ്‌.ഐ: കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്.

അന്തർ സംസ്ഥാന കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് അന്തിക്കാട് സ്റ്റേഷനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം മദ്ധ്യമേഖലാ ഡി.ഐ.ജി: എസ്. സുരേന്ദ്രന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി എടക്കഴിയൂർ കണ്ണംകിലകത്ത് ജവാഹിർ (47) പറവൂർ പീഡനക്കേസിൽ പ്രതിയാണ്. മതിലകം സ്റ്റേഷനിൽ ഇയാൾക്കെതിരെ പിടിച്ചുപറി, കവർച്ച തുടങ്ങിയവയ്ക്ക് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. അന്തിക്കാട് എസ്എച്ച്ഒ: പി.കെ. മനോജ് കുമാർ,​ എസ്.ഐ: കെ.ജെ ജിനേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൊടുങ്ങലൂർ സ്വദേശികളായ രാജീവും, രാജേഷും ചേർന്ന് ബംഗളൂരുവിൽ ഫ്ലാറ്റെടുത്താണ് കള്ളനോട്ടടി നിർമ്മാണമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്.