തൃശൂർ: ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇരട്ടിയായി വർദ്ധിപ്പിച്ച് തൊഴിലാളികൾക്ക് ആശ്വാസമാകുകയാണ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. ഒക്ടോബർ 29ലെ എക്‌സിക്യൂട്ടിവ് ഉത്തരവ് പ്രകാരമാണ് ആനുകൂല്യങ്ങളിൽ വൻതോതിലുള്ള വർദ്ധനവ് നിലവിൽ വന്നത്. മിനിമം പെൻഷൻ 1200 ആയിരുന്നത് സ്റ്റേജ് അട്ട ക്യാരേജ്, കോൺട്രാക്ട് ക്യാരേജ് തൊഴിലാളികൾക്ക് 5000 രൂപയായും ഗുഡ്‌സ് വെഹിക്കിൾ (ഹെവി, ലൈറ്റ്) 3500 രൂപയായും ടാക്‌സി ക്യാബ് 2500, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് 2000 രൂപയായും വർധിപ്പിച്ചു.
മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, അപകട ചികിത്സാ ധനസഹായം, അപകട മരണാനന്തര ധനസഹായം എന്നിവ 50000 രൂപ വീതവുമാണ്. വിവാഹ ധനസഹായം 20000ൽ നിന്ന് 40000 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഉടമ തൊഴിലാളി അംശദായം 20 ശതമാനമാണ് വർദ്ധിപ്പിച്ചു. ബോർഡിന് കീഴിൽ 2017- 18 സാമ്പത്തിക വർഷത്തിൽ 17, 171 അപേക്ഷകർക്കായി 20.16 കോടി രൂപയും 2018-19ൽ 14, 775 ഗുണഭോക്താക്കൾക്കായി 22.95 കോടി രൂപയും വിവിധ ആനുകൂല്യ ഇനത്തിനത്തിൽ വിതരണം ചെയ്തിട്ടുണ്ട്.