ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഓഫീസിലെ ഇലക്ട്രിസിറ്റി വിഭാഗത്തിലെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക് മോഷണം പോയസംഭവത്തിൽ ഇലക്ട്രിക് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ ദേവസ്വം ഭരണസമിതി സസ്‌പെന്റ് ചെയ്തു. ഒരു താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി നിറുത്തുന്നതിനും ഭരണസമിതി തീരുമാനിച്ചു. ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാരായ രാജേഷ്‌കുമാർ, സതീഷ്‌കുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി സസ്‌പെന്റ് ചെയ്തിട്ടുള്ളത്. ഹാർഡ് ഡിസ്‌ക് മോഷണം പോയതുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ സെക്‌ഷൻ ചുമതല വഹിച്ചിരിക്കുന്ന അസിസ്റ്റന്റ് എൻജിനീയർ കെ.പി. വിനോദ്കുമാറിനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. താൽക്കാലിക ജീവനക്കാരനായ പ്രജീഷിനെയാണ് ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിറുത്തുന്നത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി. ശങ്കർ, ലോ ഓഫീസർ ആർ. നിഖിൽ എന്നിവർ പ്രാഥമിക അന്വേഷണ നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം 16നാണ് ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്ക് മോഷണം പോയതായി കണ്ടെത്തിയിരുന്നത്. കമ്പ്യൂട്ടർ പ്രവർത്തിക്കാത്തതിനെ തുടർന്ന് ടെക്‌നിഷ്യൻ വന്ന് പരിശോധിച്ചപ്പോഴാണ് ഹാർഡ് ഡിസ്‌ക്ക് മോഷണം പോയവിവരം പുറത്തായത്. ഇതെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി. ശങ്കർ, ലോ ഓഫീസർ ആർ. നിഖിൽ എന്നിവരെ ഭരണസമിതി ചുമതലപ്പെടുത്തുകയായിരുന്നു. ഹാർഡ് ഡിസ്‌ക്ക് മോഷണം പോയതായി കാണിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടെമ്പിൾ പൊലീസ് സി.ഐയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിന് ദേവസ്വം സഹകരിക്കുന്നില്ലായെന്നാണ് പൊലീസ് പറയുന്നത്.

ദേവസ്വത്തിലെ ഭരണകക്ഷി യൂണിയനിലെ പടലപിണക്കങ്ങളാണ് ഹാർഡ് ഡിസ്‌ക്ക് മോഷണത്തിന് പിന്നിലെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഭരണ കക്ഷി യൂണിയനിൽ ഉൾപ്പെട്ട ഒരു ജീവനക്കാരൻ ദേവസ്വത്തിൻറെ കമ്പ്യൂട്ടറിലൂടെ ചെയർമാനെതിരെ പാർട്ടി കണ്ണൂർ ഘടകത്തിലേക്ക് ഇ-മെയിൽ അയച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. ദേവസ്വം കമ്പ്യൂട്ടർ പാർട്ടി പ്രവർത്തനത്തിന് ദുരുപയോഗം ചെയ്തതായി കാണിച്ച് കണ്ണൂരിൽ നിന്നും ഒരാൾ ദേവസ്വത്തിന് മാസങ്ങൾക്ക് മുമ്പ് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം ദേവസ്വം അധികൃതർ നടത്തിവരുന്നതിനിടെയാണ് കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്‌ക്ക് മോഷണം പോയതായി കണ്ടെത്തിയിരുന്നത്. ഇ-മെയിൽ വിവാദത്തിന്റെ യാഥാർഥ്യമറിയാൻ സഹായിക്കുമെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക്കാണ് മോഷണം പോയതായി പറയുന്നത്. ദേവസ്വം ചെയർമാനെതിരെ ഭരണപക്ഷത്തെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് പരാതിക്ക് പിന്നിലെന്ന് സംശയമുണ്ട്. ഇന്നലെ സസ്‌പെന്റ് ചെയ്തവരെല്ലാം ഭരണകക്ഷി യൂണിയൻ പ്രവർത്തകരാണ്.