കൊരട്ടി: ഗവ.പ്രസ് നാസിക്കിയിലെ പ്രസുമായി ലയിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ അനുകൂല നടപടിയായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. ബി.ഡി. ദേവസി എം.എല്‍.എ.യുടെ സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസ് നിലനിറുത്തി അധികഭൂമി കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ സംസ്ഥാനത്തിന് തിരികെ നല്‍കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിവിലുള്ള അവസ്ഥ തുടരുമെന്നും ലയനം ജീവനക്കാരെ യാതൊരു തരത്തിലും ബാധിക്കുകയില്ലെന്നും കേന്ദ്ര പാര്‍പ്പിടനഗരകാര്യ മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഗവ.പ്രസിന്റെ സ്ഥലത്ത് നിന്നും 30ഏക്കര്‍ കിന്‍ഫ്ര പാര്‍ക്കിന് നേരത്തെ വിട്ടു നല്‍കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ 35യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ 37000ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ബഹുനില ഫാക്ടറി കെട്ടിടവും സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 12 വ്യവസായ യൂണിറ്റുകളും പ്രവര്‍ത്തിച്ചു വരുകയാണ്. നിക്ഷേപകരെ ആഘര്‍ഷിക്കുന്നതിനായി 68000ചതുരശ്ര അടി വിസ്തീര്‍ണ്മത്തിലുള്ള ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. പ്രസിന്റെ ഉപയോഗത്തിന് ആവശ്യമല്ലാത്ത 15ഏക്കര്‍ ഭൂമി കൂടി വ്യവസായ വകുപ്പിന് നിശ്ചിത വിലക്ക് വിട്ടുനൽകാന്‍ ആവശ്യപ്പെട്ട് 2017ല്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര പാര്‍പ്പിടനഗരകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും അനുകൂല തീരുമാനം ആയിട്ടില്ലെന്നും മറുപടിയില്‍ അറിയിച്ചു.

1966ല്‍ 500 ജീവനക്കാരുമായാണ് കൊരട്ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ അച്ചുകൂടം പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയില്‍ 17ഗവ.പ്രസുകളില്‍ 12പ്രസുകള്‍ അടച്ചുപൂട്ടാന്‍ 2018 ജനുവരിയില്‍ തീരുമാനം ഉണ്ടായി. ജനുവരി മുതല്‍ കൊരട്ടി ഗവ.പ്രസിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണ്.