തൃശൂർ: സി.ആർ. കേശവൻ വൈദ്യരുടെ അനന്തിരവനും ദീർഘകാലം മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എ.എം. പീതാംബരൻ തികഞ്ഞ ഗുരുഭക്തനും പ്രഭാഷകനും മികച്ച സംഘാടകനുമായിരുന്നുവെന്ന് സ്വാമി സച്ചിദാനന്ദ. ചാലക്കുടി, മാള, പുതുക്കാട്, കൊടകര, ഇരിങ്ങാലക്കുട യൂണിയനുകൾ ഒന്നിച്ച് മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയനായിരുന്നപ്പോൾ ശാഖകളും ശാഖാ മന്ദിരങ്ങളും സ്ഥാപിച്ച് എസ്.എൻ.ഡി.പി പ്രസ്ഥാനത്തെ ജില്ലയിൽ കരുപ്പിടിപ്പിക്കുന്നതിൽ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
സി.ആർ. കേശവൻ വൈദ്യർ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം എ.എം. പീതാംബരൻ കേരളമൊട്ടാകെ സഞ്ചരിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ശ്രീനാരായണ വർഷാചരണം, ശിവഗിരി തീർത്ഥാടന കനകജൂബിലി ആഘോഷം, അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി ആഘോഷം, എസ്.എൻ.ഡി.പി യോഗം പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവയുടെ മുഖ്യസംഘാടകനായിരുന്നു. കൊറ്റനെല്ലൂർ ശിവഗിരി ബ്രഹ്മാനന്ദാലയം ശിവഗിരിമഠത്തിന്റെ ശാഖയാക്കി മാറ്റുന്നതിൽ നേതൃപരമായ പങ്ക് പീതാംബരനുണ്ടായിരുന്നു.
മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, ഇരിങ്ങാലക്കുട എസ്.എൻ.ജി.എസ് സമാജം പ്രസിഡന്റ്, കൊറ്റനെല്ലൂർ ശിവഗിരി ബ്രഹ്മാനന്ദാലയം കമ്മിറ്റി പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചു. സി.ആർ. കേശവൻ വൈദ്യർ മുഖ്യപത്രാധിപരായി നടത്തിയ വിവേകോദയം മാസിക എഡിറ്ററായിരുന്നു. ഗുരുദേവന്റെ ദാമ്പത്യസങ്കല്പം, ഗുരുദേവസൂക്തങ്ങൾ, ഗുരുദേവസ്മൃതി എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും പ്രസാദകനുമായിരുന്നു എ.എം. പീതാംബരനെന്നും സ്വാമി സച്ചിദാനന്ദ അനുസ്മരിച്ചു.