മാള: സർവീസ് പെൻഷനേഴ്‌സ് യൂണിയനിൽ അംഗങ്ങളായുള്ളവർക്ക് തിരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകേണ്ടതില്ലെന്ന് കെ.പി.സി.സി നിർദേശമുള്ളതായി സൂചന. കോൺഗ്രസിന്റെ പോഷക സംഘടനയായ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷനിൽ അംഗങ്ങളായവർക്കേ ഇനി മുതൽ സീറ്റ് നൽകേണ്ടതുള്ളൂവെന്നാണ് നിർദേശത്തിന്റെ അടിസ്ഥാനം. കൂടാതെ പെൻഷനേഴ്‌സ് യൂണിയനിൽ അംഗങ്ങളായുള്ള പാർട്ടി ഭാരവാഹികൾ രണ്ട് സംഘടനകളും ഒരുമിച്ച് കൊണ്ടുപോകേണ്ടതില്ല. യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ പാർട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്നത് കെ.പി.സി.സി. വിലക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ പോഷക സംഘടനകളിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ പെൻഷനേഴ്‌സ് അസോസിയേഷനുള്ളത്. പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാരെ കെ.പി.സി.സിവയോഗങ്ങളിൽ എക്സ് ഒഫിഷ്യോ അംഗങ്ങളായി ക്ഷണിക്കാറുണ്ട്. എന്നാൽ ഡി.സി.സി, ബ്ലോക്ക്-മണ്ഡലം-ബൂത്ത് യോഗങ്ങളിൽ പോഷക സംഘടനാ പ്രതിനിധികളെ വിളിക്കുന്നില്ലെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ഇറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.
പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി അതാത് തലങ്ങളിലുള്ള യോഗങ്ങളിൽ നിർബന്ധമായി പോഷക സംഘടനാ നേതാക്കളെ വിളിക്കണമെന്ന് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. കോൺഗ്രസിന്റെ 25 പോഷക സംഘടനകളുടെയും പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഉണ്ടായിട്ടുള്ളത്. സമാന രീതിയിലുള്ള സംഘടനകളിൽ പാർട്ടി നേതാക്കളും പ്രവർത്തകരും സജീവമായിരിക്കുന്നത് പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് കെ.പി.സി.സി നിർദേശങ്ങൾ സർക്കുലറായി വന്നിരിക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി പോഷക സംഘടനകളിലെ പ്രവർത്തകൾക്കും നേതാക്കൾക്കും പരിഗണന നൽകണമെന്ന ലക്ഷ്യവും മുന്നിലുണ്ടെന്നാണ് സൂചന.