തൃശൂർ : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. കെ.എസ്.ആർ.ടി.സി നോർത്ത് പറവൂർ ഡിപ്പോയിലെ ഡ്രൈവർ ചെറായി കോൽപുറത്ത് കെ.ടി ഷാനിലിന്റെ ലൈസൻസാണ് തൃശൂർ ആർ.ടി.ഒ ആർ. രാജീവ് മരവിപ്പിച്ചത്. നോർത്ത് പറവൂരിൽ നിന്ന് കോഴിക്കോട്ടുളള യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ ഷാനിൽ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ബസിലെ തന്നെ യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി തൃശൂർ എൻഫോഴ്‌സമെന്റ് ആർ.ടി.ഒ ഷാജി മാധവന് വാട്‌സ് ആപിൽ അയച്ച് നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ബസ് ഓടിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്ന് ഷാനിൽ ആർ.ടി.ഒ മുമ്പാകെ ഹാജരായി കുറ്റം സമ്മതിച്ചു. ലൈസൻസ് മരവിപ്പിച്ചത് കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുളള എടപ്പാൾ ഐ.ഡി.ടി.ആറിൽ ഒരു ദിവസത്തെ ബോധവത്കരണ ക്ലാസിനും അയച്ചു.
നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ അയക്കാൻ 9946100100 വാട്‌സ് ആപ് നമ്പർ